ന്യൂഡൽഹി: കോൺഗ്രസിന് ഭരണമുള്ള മൂന്നു സംസ്ഥാനങ്ങളിൽ രണ്ടിലും പാർട്ടിക്കുള്ളിൽ ഉണ്ടായിരിക്കുന്ന കടുത്ത പ്രതിസന്ധിക്കു മുന്നിൽ പതറി ഹൈകമാൻഡ്. ഛത്തിസ്ഗഢിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന സമ്മർദം മറികടക്കാൻ തീവ്രശ്രമം തുടരുന്നു.
പഞ്ചാബിൽ നവജോത്സിങ് സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കിയിട്ടും മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി കടുത്ത ഏറ്റുമുട്ടൽ. ഹൈകമാൻഡിെൻറ അന്ത്യശാസനം വകവെക്കാത്ത പോരാണ് രണ്ടിടത്തും തുടരുന്നത്. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്സിങ് ബാഘേൽ, മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്ന ടി.എസ്. സിങ്ദേവ് എന്നിവരും ഒരുകൂട്ടം എം.എൽ.എമാരും ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഹൈകമാൻഡിനു മേൽ കടുത്ത സമ്മർദമാണ് ഇരുകൂട്ടരും ഉയർത്തുന്നത്.
രാഹുൽ ഗാന്ധി ഈയാഴ്ച രണ്ടാം തവണയും മുഖ്യമന്ത്രിയേയും പ്രതിയോഗിയേയും ഡൽഹിക്ക് വിളിച്ച് ചർച്ച നടത്തി. എന്നാൽ, പോംവഴി തെളിഞ്ഞില്ല. മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തിൽ അഭിപ്രായം കേൾക്കാൻ എം.എൽ.എമാരെ ഹൈകമാൻഡ് ഡൽഹിക്ക് വിളിക്കുകയായിരുന്നു. അവരിൽ നല്ല പങ്കും ബാഘേൽ തുടരണമെന്ന താൽപര്യം സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.എൽ പുനിയയെ കണ്ട് അറിയിച്ചു.
എന്നാൽ നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ബാഘേലും സിങ്ദേവും രണ്ടര വർഷം വീതം ഭരിക്കട്ടെ എന്ന ധാരണ ഉണ്ടാക്കിയിരുന്നത് പാലിക്കണമെന്നാണ് എതിരാളികളുടെ ആവശ്യം. ഇക്കാര്യത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ വഴങ്ങില്ലെന്ന മട്ടിലാണ് സിങ്ദേവിെൻറ നിൽപ്. പഞ്ചാബിൽ പി.സി.സി അധ്യക്ഷൻ ഉപദേശകരെ നിയമിച്ചതിനെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇവരെ മാറ്റണമെന്ന താൽപര്യം സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും പ്രകടിപ്പിച്ചുവെങ്കിലും സിദ്ദു വഴങ്ങുന്നില്ല.
ഉപദേശകരെ ഒഴിവാക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, ഈ രണ്ടു നേതാക്കളുടെയും നേതൃത്വത്തിൽ നടക്കുന്ന കൂട്ടയടി നേതൃത്വത്തിന് വലിയ തലവേദനയായി. സിദ്ദുവിനെ പദവിയിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.