കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ പോപ് ഗായിക രിഹാനയുടെ പിന്നാലെ ട്രോളന്മാരെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചിരിപടർന്നു. കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലും പരിസരങ്ങളിലും തമ്പടിച്ച പതിനായിരക്കണക്കിന് കർഷകരെ കുറിച്ച് എന്തുകൊണ്ടാണ് ഇനിയും മൗനം പാലിക്കുന്നതെന്നായിരുന്നു അമേരിക്കക്കാരിയായ പോപ് ഗായിക രിഹാന സമൂഹ മാധ്യമത്തിലൂടെ ചോദിച്ചത്. ഇന്ത്യയിലെ കർഷകസമരത്തിനൊപ്പം നിൽക്കുന്നുവെന്ന് സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റയും ട്വീറ്റ് ചെയ്തു.
രിഹാന ട്വിറ്ററിൽ പരസ്യ പ്രതിഷേധവുമായി എത്തിയതോടെ അവരെ പിന്തുടരുന്ന 11 കോടിയോളം ആരാധകരും കർഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. മണിക്കൂറുകൾക്കിടെ ലക്ഷങ്ങളാണ് ട്വീറ്റിന് ലൈക് നൽകിയത്. ഒരു ലക്ഷത്തിലേറെ തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഡൽഹിയിലും ഹരിയാനയിലും സമരമുഖത്തുള്ള കിസാൻ ഏക്ത മോർച്ചയുടെ ട്വിറ്റർ ഹാൻഡ്ലും രിഹാനക്ക് നന്ദി പറഞ്ഞ് രംഗത്തെത്തി. ഇതോടെയാണ് ട്രോളന്മാർ രിഹാനയുടെ പിന്നാലെ കൂടിയത്. രിഹാനയുടെ മതം തിരയുന്ന സംഘപരിവാർ അനുകൂലികളെകൂടി ചേർത്താണ് ട്രോളുകൾ അധികവും നിർമിച്ചിരിക്കുന്നത്. രഹാനയല്ല ഇത് റൈഹാനത്ത് ആണെന്നാണ് ട്രോളുകൾ പറയുന്നത്.
രിഹാനയുടെ വിലാസം ഇ.ഡിക്ക് എത്തിച്ച് കൊടുക്കുന്നവരും ട്രോളുകളിലുണ്ട്. രിഹാനയുടെ മതമേതെന്ന് ഗൂഗ്ളിൽ തിരഞ്ഞരേയും ട്രോളന്മാർ വെറുതേ വിട്ടിട്ടില്ല. ഇന്ത്യയിൽ കർഷക പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിലും പരിസരങ്ങളിലും റോഡുകൾക്ക് പുറെമ ഇന്‍റർനെറ്റും വിലക്കിയ കേന്ദ്ര നടപടിക്കെതിരെയും രിഹാന പ്രതികരിച്ചിരുന്നു. കർഷക സമരം ഹാഷ്ടാഗാക്കി 'നാം എന്തുകൊണ്ടാണ് ഇതേ കുറിച്ച് മിണ്ടാത്തത്?' എന്നായിരുന്നു രിഹാനയുടെ പ്രതികരണം.
'ഡോണ്ട് സ്റ്റോപ് ദി മ്യൂസിക്' ഉൾപെടെ നിരവധി ആൽബങ്ങളിലൂടെ ലോകത്തെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായ രിഹാനയെ ട്വിറ്ററിൽ 10 കോടി പേർ പിന്തുടരുന്നുണ്ട്. പോപ് ഗായികയും നിരവധി ഗ്രാമി പുരസ്കാര ജേതാവുമായ രിഹാനയുടെ വാക്കുകളോടെ രാജ്യാന്തര തലത്തിൽ ഒറ്റദിനം കൊണ്ട് കർഷക സമരത്തിന് കൂടുതൽ ജനശ്രദ്ധ നേടാനായിട്ടുണ്ട്. ട്വിറ്ററിൽ രാജ്യത്ത് മാത്രമല്ല, ലോകത്തുടനീളം ഇൗ ട്വീറ്റ് ട്രെൻഡിങ്ങാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.