നിങ്ങളുടെ വായ ഡെറ്റോൾ ഉപയോഗിച്ച് കഴുകൂ -അഴിമതി ആരോപണമുയർത്തിയ കോൺഗ്രസിനോട് നിർമല സീതാരാമൻ

ന്യൂഡൽഹി: ബജറ്റ് ചർച്ചക്കിടെ സർക്കാരിനെതിരെ അഴിമതിയാരോപണമുന്നയിച്ച കോൺഗ്രസിനെ വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. നിങ്ങളുടെ വായ ഡെറ്റോൾ ഉപയോഗിച്ചു കഴുകൂ എന്നായിരുന്നു കോൺഗ്രസ് നേതാക്കൾക്ക് ഈവർഷത്തെ ബജറ്റ് ചർച്ചക്ക് മറുപടി നൽകവെ നിർമല നൽകിയ ഉപദേശം.

കഴിഞ്ഞ ദിവസം രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പഴയ ബജറ്റ് വായിച്ചതിനെയും നിർമല പരിഹസിച്ചു. ''രാജസ്ഥാനിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. ഈ വർഷത്തെ ബജറ്റിനായി അവർ അവതരിപ്പിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റാണ്. ആർക്കും അങ്ങനെയൊരു അബദ്ധം സംഭവിക്കരുതേ എന്നാണ് ഞാൻ ​ദൈവത്തോട് പ്രാർഥിക്കാറുള്ളത്. എന്നാൽ അത് സംഭവിച്ചിരിക്കുന്നു. അതിനാലാണ് ഞാനിത് പറയുന്നത്''-എന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പരാമർശം.

ഏഴുമിനിറ്റോളമാണ് ഗെഹ്ലോട് പഴയ ബജറ്റ് വായിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട ചീഫ് വിപ്പ് മഹേഷ് ജോഷി മുഖ്യമന്ത്രിയെ തടയുകയായിരുന്നു. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷമായ ബി.ജെ.പിയുമെത്തി. ബജറ്റ് ചോർന്നു എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. തെറ്റു സംഭവിച്ചതിൽ അശോക് ഗെഹ്ലോട്ട് മാപ്പു പറഞ്ഞിരുന്നു.

എന്നാൽ ബി.ജെ.പി നേതാവ് വസുന്ധര രാജെ രൂക്ഷവിമർശനവുമായി രംഗത്തു വന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിക്കുന്നത്. ഇത്തരം പ്രധാനപ്പെട്ട രേഖകൾ ​പരിശോധിക്കാതെ എങ്ങനെയാണ് ഒരാൾ അവതരിപ്പിക്കുക എന്നാണ് ബി.ജെ.പി നേതാവ് ചോദിച്ചത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങും അശോക് ഗെഹ്ലോട്ടിനെ വിമർശിച്ചു.

Tags:    
News Summary - Rinse your mouth with dettol says N Sitharaman Jabs Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.