ലഖ്നോ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര കപ്പൽ യാത്രയായ ഗംഗ വിലാസ് ഫ്ലാഗ് ഓഫ് ചെയ്തതിനു പിന്നാലെ ബി.ജെ.പിക്കെതിരെ വിമർശനവുമായി യു.പി മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. കപ്പലിൽ ബാർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പുണ്യ നദിയായ ഗംഗയിൽ വെച്ച് മദ്യം വിളമ്പാനാണോ ബി.ജെ.പി ഉദ്ദേശിക്കുന്നതെന്നും അഖിലേഷ് ചോദിച്ചു.
ഗംഗയിൽ ആദ്യമായി കപ്പൽ യാത്ര ആരംഭിച്ചു എന്ന ബി.ജെ.പിയുടെ അവകാശവാദം തെറ്റാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. 17 വർഷം മുമ്പ് തന്നെ ഗംഗയിൽ കപ്പൽ യാത്രയുണ്ടായിരുന്നു. ബി.ജെ.പി അത് വികസിപ്പിക്കുക മാത്രമാണ് ചെയ്തത്. അഴിമതിയുടെ കാര്യത്തിലും കള്ളം പറയുന്നതിലും ബി.ജെ.പി മുന്നിലാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
ഗംഗയിലെ ആരതിയെയും പൂജകളെ കുറിച്ചുമാണ് കേട്ടിട്ടുള്ളത്. ഗംഗയിലൂടെ ഒരുപാടു തവണ ബോട്ട് യാത്ര നടത്തിയിട്ടുണ്ട്. ധനികരെ മാത്രം ലക്ഷ്യമിട്ടാണ് ബി.ജെ.പി ഇവിടെ കപ്പൽ കൊണ്ടുവന്നതെന്നും അഖിലേഷ് പറഞ്ഞു. ആത്മീയതക്കു വേണ്ടിയാണ് പ്രായമായ ആളുകൾ ഗംഗയിലേക്ക് വരുന്നത്. ബി.ജെ.പി ഇവിടത്തെ ടൂറിസം സാധ്യതകളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. പണമുണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. സാധാരണക്കാരായ തദ്ദേശവാസികളെ അവഗണിച്ചുകൊണ്ടാണ് ബി.ജെ.പി ഇതെല്ലാം ചെയ്യുന്നതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയായ ഗംഗ വിലാസ് വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. യു.പിയിൽ വാരാണസിയിൽ നിന്ന് ബംഗ്ലാദേശിലുടെ അസമിലെ ദിബ്രുഗഡിലേക്കാണ് കപ്പൽ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.