ന്യൂഡൽഹി: റോഹിങ്ക്യൻ മുസ്ലിംകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവരെ ഇന്ത്യയിൽ തുടരാൻ അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാറിെൻറ സത്യവാങ്മൂലം. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകര സംഘങ്ങൾ അവരെ ഉപയോഗിച്ച് രാജ്യത്ത് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചേക്കാമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം പറയുന്നു.
നിയമപരമായി റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കാൻ ഇന്ത്യക്ക് കഴിയില്ലെന്ന് െഎക്യരാഷ്ട്ര സഭ നിർദേശിച്ചതിനു പിന്നാലെയാണ് അവർക്കെതിരായ രാജ്യത്തിെൻറ നിലപാട്. റോഹിങ്ക്യകളെ നാടുകടത്താനുള്ള നീക്കത്തിനെതിരെ രണ്ട് അഭയാർഥികൾ സമർപ്പിച്ച ഹരജിക്ക് മറുപടിയായാണ് കേന്ദ്രം റിപ്പോർട്ട് തയറാക്കിയത്. എന്നാൽ, ഇതേപ്പറ്റി മാധ്യമങ്ങളിൽ വാർത്ത വന്നതോടെ, റിപ്പോർട്ട് അബദ്ധവശാൽ ഹരജിക്കാരുടെ പക്കൽ എത്തിയതാണെന്നും അത് അന്തിമമല്ലെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. കേന്ദ്രം സുപ്രീം കോടതിയിൽ ഇങ്ങനെയൊരു സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വാർത്താ ഏജൻസിയോട് പറഞ്ഞു.
റോഹിങ്ക്യകൾക്ക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ജമ്മു, ഡൽഹി, ഹൈദരാബാദ്, മേവാത്ത് എന്നിവിടങ്ങളിൽ റോഹിങ്ക്യകളുടെ സായുധ ഗ്രൂപ്പുകൾ ഉണ്ട്. അവരെ െഎ.എസിന് ഉപയോഗിക്കാൻ കഴിയും. റോഹിങ്ക്യകളെ പുറത്താക്കണമെന്നത് രാജ്യതാൽപര്യമാണ്. ഒരു അനധികൃത കുടിയേറ്റക്കാരനും ഇന്ത്യയിൽ തങ്ങാൻ അവകാശമില്ലെന്നും സത്യവാങ്മൂലം തുടരുന്നു.
അന്തർദേശീയ നിയമങ്ങൾ പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥമാണെന്ന് ഒാർമിപ്പിച്ചാണ് െഎക്യരാഷ്്ട്ര മനുഷ്യാവകാശ സംഘടന റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. െഎക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 40,000 റോഹിങ്ക്യകൾ ഇന്ത്യയിൽ അഭയാർഥികളായുണ്ട്. റോഹിങ്ക്യകളെ പുറത്താക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
മുഹമ്മദ് സലീമുല്ല, മുഹമ്മദ് ശാകിർ എന്നീ രണ്ട് റോഹിങ്ക്യൻ അഭയാർഥികളാണ് മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, കോളിൻ ഗൊൺസാൽവസ് എന്നിവർ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഇതിനെതിരെ സുപ്രീംകോടതിയിൽ കക്ഷി ചേർന്ന മുൻ ആർ.എസ്.എസ് താത്ത്വികാചാര്യൻ കെ.എൻ. ഗോവിന്ദാചാര്യ റോഹിങ്ക്യകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.