ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ സഹോദരൻ അഭിഭാഷകവൃത്തിയിലേക്ക്. രോഹിതിന്‍റെ സഹോദരൻ രാജ വെമുല അഭിഭാഷക പരീക്ഷ വിജയിച്ചതായി മാതാവ് രാധിക വെമുല ട്വിറ്ററിലൂടെ അറിയിച്ചു.
2021 ജനുവരിയിൽ രോഹിത് മരിച്ചിട്ട് അഞ്ചുവർഷം തികയും. ഇതിനിടെ നിരവധി പരീക്ഷണങ്ങളിലൂടെയായിരുന്നു കുടുംബം മുന്നോട്ടുപോയിരുന്നത്. രോഹിത് വെമുലക്ക് നീതി ലഭിക്കുന്നതിനായി പോരാട്ടം തുടരുന്നതിനിടെയാണ് കുടുംബത്തിലെ സന്തോഷവാർത്ത രാധിക വെമുല പങ്കുവെക്കുന്നത്. 'രാജ വെമുല, എന്‍റെ ഇളയ മകൻ ഇപ്പോൾ അഭിഭാഷകനാണ്. രോഹിത് വെമുലയുടെ മരണശേഷം അഞ്ചുവർഷത്തിനിടെ ഞങ്ങളുടെ ജീവിതത്തിൽ പലവിധ മാറ്റങ്ങളും സംഭവിച്ചു. അഡ്വക്കേറ്റ് രാജ വെമുല ജനങ്ങൾക്കും അവരുടെ അവകാശങ്ങൾക്ക് വേണ്ടിയും കോടതിയിൽ പോരാടും. അവനെ അനുഗ്രഹിക്കണം' -രാധിക വെമുല ട്വിറ്ററിൽ കുറിച്ചു.
ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയും ദളിതനുമായ രോഹിത് വെമുലയെയും സഹപാഠികളെയും എ.ബി.വി.പി നേതാവിനെ മർദ്ദിച്ചുവെന്ന തെറ്റായ പരാതിയിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിനെതിരെ സർവകലാശാലയിൽ സമരത്തിലായിരുന്നു വിദ്യാർഥികൾ. ഇതിനിടെ ഹോസ്റ്റലിൽനിന്നും വിദ്യാർഥികളെ പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്‍റെ പ്രവർത്തകൻ കൂടിയായിരുന്നു രോഹിത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ തുടങ്ങിയവർ എ.ബി.വി.പി നേതാവിനെ മർദ്ദിച്ച പരാതിയിൽ രോഹിതിനും മറ്റു വിദ്യാർഥികൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. രോഹിതിന്‍റെ സ്കോളർഷിപ്പിപ്പ് വൈസ് ചാൻസലർ അന്യായമായി തടഞ്ഞുവെച്ചതിനെ തുടർന്ന് വി.സിക്ക് കത്തെയുകയും അതിൽ വിഷമോ കയറോ വാങ്ങി നൽകണമെന്നും രോഹിത് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു രോഹിത് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. രോഹിത് വെമുലയുടെ മരണത്തെ തുടർന്ന് രാജ്യം നിരവധി പ്രക്ഷോഭ പരിപാടികൾക്ക് സാക്ഷിയായിരുന്നു.
മകന് നീതി ആവശ്യപ്പെട്ട് രാജയും രാധിക വെമുലയും വിദ്യാർഥി പ്രക്ഷോഭങ്ങളിൽ അടക്കം പങ്കുചേർന്നിരുന്നു. സ്കോളർഷിപ്പ് തടഞ്ഞുവെച്ചതിന് ശേഷം കുടുംബത്തിന്‍റെ ഏക വരുമാനവും നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. ഇതോടെ പുതുച്ചേരി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ രാജ വെമുല കുടുംബം പുലർത്തുന്നതിനായി ഒാട്ടോറിക്ഷ ഓടിക്കാൻ തയാറാകുകയായിരുന്നു.
രോഹിതിന്‍റെ മരണശേഷം നിരവധി പേർ രാജിന് ജോലി നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജോലി വാഗ്ദാനവുമായി എത്തിയെങ്കിലും അതും നിരസിച്ചു. രാഷ്ട്രീയ നേതാക്കളിൽനിന്ന് ജോലി സ്വീകരിച്ചാൽ തന്‍റെ സഹോദരൻ വെറുക്കുന്ന അവരുമായി ബന്ധം പുലർത്തേണ്ടിവരുമെന്നായിരുന്നു രാജയുടെ പ്രതികരണം. ജോലി പിന്നീട് നേടാമെന്നും ഇപ്പോൾ സഹോദരന്‍റെ നീതിക്കായുള്ള പോരാട്ടത്തിലുമാണെന്ന് സഹോദരൻ കൂട്ടിച്ചേർത്തിരുന്നു.
എം.എസ്.സി അപ്ലൈഡ് ജിയോളജി നേടിയ രാജക്ക് ശാസ്ത്രജ്ഞൻ ആകാനായിരുന്നു ആഗ്രഹം. എന്നാൽ സഹോദരന്‍റെ മരണം രാജയെ മാറ്റിമറിച്ചു. നിയമം മാത്രമാണ് നീതിയിലേക്കുള്ള വഴിയെന്നും രാജ വിശ്വസിച്ചു. 'നിയമ നിർമാണ സഭകളിലൂടെയും ഭരണകൂടത്തിലൂടെയും നിയമവ്യവസ്ഥയിലൂടെയും മാറ്റം വരുത്താനാകും. എന്നാൽ നിയമനിർമാണ സഭകളിലും ഭരണകൂടത്തിലും യാതൊരു മാറ്റവും വരാനില്ലെന്നാണ് വിശ്വാസം. എങ്കിലും നിയമ വ്യവസ്ഥയിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്' -രാജ വെമുല പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.