സൈന്യത്തിന് ഗുണനിലവാരമില്ലാത്ത ആയുധങ്ങൾ; 960 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 2014 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ സൈന്യത്തിന് ഗുണനിലവാരമില്ലാത്ത ആയുധങ്ങൾ വാങ്ങിയതിലൂടെ 960 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്. ഗുണനിലവാരമില്ലാത്ത ആയുധങ്ങൾക്കായി ചെലവിട്ട പണം കൊണ്ട് 100 പീരങ്കികൾ വാങ്ങാമായിരുന്നെന്ന് സൈന്യത്തിന്‍റെ ഇന്‍റേണൽ റിപ്പോർട്ടിൽ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ വകുപ്പിന് സൈന്യം സമർപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ.

സർക്കാർ ഉടമസ്ഥതയിലുള്ള ഓഡനൻസ് ഫാക്ടറി ബോർഡിൽ നിന്ന് വാങ്ങിയ ഗുണനിലവാരമില്ലാത്ത ആയുധങ്ങളെ കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകത്തിലെ തന്നെ പഴക്കമേറിയ ആയുധനിർമാണ ഏജൻസിയാണ് പ്രതിരോധ വകുപ്പിന്‍റെ പ്രൊഡക്ഷൻ യൂനിറ്റിന് കീഴിലെ ഓഡനൻസ് ഫാക്ടറി ബോർഡ്. ഇന്ത്യയിലുടനീളം ആയുധനിർമാണ ശാലയുള്ള ഓഡനൻസ് ഫാക്ടറിയാണ് സായുധസേനകൾക്കായി ആയുധം നൽകുന്നത്.

സൈന്യം വാങ്ങിയ 23 എം.എം ഷെല്ലുകൾ, പീരങ്കി ഷെല്ലുകൾ, 125 എം.എം ടാങ്ക്, വിവിധ തരത്തിലുള്ള റൈഫിൾ ബുള്ളറ്റുകൾ എന്നിവയാണ് ഗുണനിലവാരമില്ലാത്തതിന്‍റെ പേരിൽ വ്യാപക വിമർശനമേറ്റുവാങ്ങിയതെന്ന് സൈനിക റിപ്പോർട്ടിൽ പറയുന്നു. 



സാമ്പത്തിക നഷ്ടം മാത്രമല്ല, ഗുണനിലവാരമില്ലാത്ത ആയുധങ്ങൾ കാരണമുണ്ടായ നിരവധി അപകടങ്ങളിൽ മനുഷ്യ ജീവനുകളും നഷ്ടപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ ഒന്ന് എന്ന ശരാശരിയിൽ അപകടങ്ങൾ സംഭവിക്കുന്നു.

അപകടങ്ങളുടെ കണക്കും റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. 2014 മുതൽ 403 അപകടങ്ങളാണ് ആയുധ ഗുണനിലവാരക്കുറവ് കൊണ്ടുണ്ടായത്. 2014ൽ 114 അപകടമുണ്ടായി. 2017ൽ ഇത് 53 ആയി കുറഞ്ഞു. 2018ൽ 78, 2019ൽ 16 എന്നിങ്ങനെ‍യാണ് അപകടങ്ങളുടെ കണക്ക്.

2014 മുതൽ 27 സൈനികർ കൊല്ലപ്പെട്ടതിന് കാരണം ഗുണനിലവാരമില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 159 പേർക്ക് അപകടങ്ങളിൽ ഗുരുതര പരിക്കേറ്റു. അംഗവൈകല്യം സംഭവിച്ചവരും വിരലുകൾ അറ്റുപോയവരും ഇക്കൂട്ടത്തിൽ ഉണ്ട്. 2020ൽ ഇതുവരെ 13 അപകടമാണ് റിപ്പോർട്ട് ചെയ്തത്. ഇവ മരണത്തിനിടയാക്കിയിട്ടില്ല.

ഓഡനൻസ് ഫാക്ടറി വിതരണം ചെയ്യുന്ന ആയുധങ്ങളുടെ ഗുണനിലവാരക്കുറവ് കാരണം സൈന്യത്തിൽ വർഷങ്ങളായി അതൃപ്തിയുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സൈന്യത്തിൽ ഈ അതൃപ്തി വർധിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ ഇത് സൈന്യത്തെ നിർബന്ധിതമാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.