ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ അവഹേളിക്കുംവിധം ആർ.എസ്.എസിനെ പൊക്കിപ്പറഞ്ഞ് സംഘടന തലവൻ മോഹൻ ഭാഗവത് വെട്ടിലായി. കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് ആർ.എസ്.എസ് തിരുത്തൽ പ്രസ്താവനയിറക്കി. ഇന്ത്യൻ സൈന്യത്തിന് യുദ്ധത്തിന് തയാറെടുക്കാൻ ആറു മാസം വേണമെങ്കിൽ ആർ.എസ്.എസിന് മൂന്നു ദിവസം മതിയെന്നായിരുന്നു മോഹൻ ഭാഗവതിെൻറ വാദം.
‘‘ആർ.എസ്.എസ് ഒരു സൈനിക സ്ഥാപനമല്ല. എന്നാൽ, സൈന്യത്തെപ്പോലെതന്നെ അച്ചടക്കമുണ്ട്. രാജ്യത്തിന് അത് ആവശ്യമുണ്ടെങ്കിൽ, ഭരണഘടന അനുവദിക്കുമെങ്കിൽ ഞങ്ങൾ തയാറാണ്. സൈന്യത്തെ സജ്ജമാക്കാൻ ആറേഴു മാസം വേണ്ടിവരും. എന്നാൽ, സ്വയംസേവകരോട് ആവശ്യപ്പെട്ടാൽ, മൂന്നു ദിവസം കൊണ്ട് സാധിക്കും. അതാണ് നമ്മുടെ ശേഷി’’ എന്നിങ്ങനെയായിരുന്നു മോഹൻ ഭാഗവതിെൻറ വാക്കുകൾ. ബിഹാറിലെ മുസഫർപുരിൽ ആർ.എസ്.എസ് സേമ്മളനത്തിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
തൊട്ടുപിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആർ.എസ്.എസ് നേതാവിനെ രൂക്ഷമായി വിമർശിച്ചു. സൈന്യത്തോടും ധീരരക്തസാക്ഷികളോടുമുള്ള അനാദരവാണ് ഭാഗവതിേൻറതെന്ന് രാഹുൽ ട്വിറ്ററിൽ പറഞ്ഞു. ഒാരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്നതാണ് ആർ.എസ്.എസ് മേധാവിയുടെ വാക്കുകളെന്ന് പറഞ്ഞ രാഹുൽ, ഭാഗവത് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.
സാമൂഹിക, സാംസ്കാരിക സംഘടനയാണെന്ന് വാദിച്ചുപോരുന്ന ആർ.എസ്.എസ് സമാന്തര സേനയായി ചമയുകയാണെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മഹാത്മ ഗാന്ധി വധത്തെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനം നീക്കിക്കിട്ടാൻ അവർ എഴുതിക്കൊടുത്തതും സാംസ്കാരിക സംഘടനയെന്നാണ്. എന്നാൽ, ഭരണകക്ഷിയായ ബി.ജെ.പിയെ നിയന്ത്രിക്കാൻ ആർ.എസ്.എസിൽനിന്ന് െഡപ്യൂേട്ടഷനാണ്. സ്വകാര്യ സേനയെ പോറ്റുന്ന ഏതു രാജ്യവും കെടുതി അനുഭവിച്ചിട്ടുണ്ടെന്ന് ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.
ജമ്മു-കശ്മീരിൽ സേന ഭീകരർക്കെതിരെ പോരാടുേമ്പാഴാണ് ഭാഗവത് ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഇതേതുടർന്നാണ് ഭാഗവതിെൻറ പ്രസ്താവന വളച്ചൊടിച്ചെന്ന വ്യാഖ്യാനവുമായി ആർ.എസ്.എസ് പ്രസ്താവന ഇറക്കിയത്. സൈന്യത്തെയും സ്വയംസേവകരെയും ഭാഗവത് താരതമ്യപ്പെടുത്തിയിട്ടില്ലെന്ന് ആർ.എസ്.എസ് തിരുത്തി.
പൊതുസമൂഹത്തെയും സ്വയംസേവകരെയുമാണ് ആർ.എസ്.എസ് മേധാവി താരതമ്യപ്പെടുത്തിയതെന്ന് പ്രസ്താവനയിൽ മൻമോഹൻ വൈദ്യ വിശദീകരിച്ചു. രണ്ടു കൂട്ടരെയും സൈന്യം മാത്രമാണ് പരിശീലിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ജനത്തെ സൈന്യം പരിശീലിപ്പിക്കേണ്ടിവരുന്ന സാഹചര്യം എന്താണെന്ന് തിരുത്തൽ പ്രസ്താവനയിൽ പറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.