ന്യൂഡൽഹി: ഡൽഹിയിലെ കേശവ് കുഞ്ചിൽ ആർ.എസ്.എസ് ആസ്ഥാനത്ത് അടച്ചിട്ടമുറിയിൽ മുസ്‍ലിം പ്രമുഖരുമായി സർസംഘ് ചാലക് മോഹൻ ഭാഗവതിന്റെ ചർച്ച. ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി തുടങ്ങിയവർ പങ്കെടുത്തു.
ഗ്യാൻവാപി മസ്ജിദ്, ജനസംഖ്യ നിയന്ത്രണം, വിദ്വേഷ ആക്രമണങ്ങൾ അടക്കം വിഷയങ്ങളിലായിരുന്നു ഒരു മണിക്കൂർ നീണ്ട ചർച്ച. മുസ്‍ലിം സമുദായം നേരിടുന്ന വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു കൂടിക്കാഴ്ചയെന്ന് പേരു വെളിപ്പെടുത്താത്ത ഒരാളെ ഉദ്ധരിച്ച് വാർത്ത പോർട്ടലായ ക്വിന്റ് റിപ്പോർട്ട് ചെയ്തു.
സമുദായത്തിനും ആർ.എസ്.എസിനുമിടയിലെ അകൽച്ച ലഘൂകരിക്കാൻ മുസ്‍ലിം നേതാക്കൾ രംഗത്തുവരണമെന്ന് ഭാഗവത് ആവശ്യപ്പെട്ടു. കൂടുതൽ മുസ്‍ലിം ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് വിശാലമായ യോഗം നടത്താനും ചർച്ചയിൽ തീരുമാനമായി.
കഴിഞ്ഞ ദിവസം കേരള സന്ദർശനത്തിനെത്തിയ മോഹൻ ഭാഗവത് തൃശൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.