അനിശ്ചിത ജീവിതം; മരണം 47

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ മുക്കാല്‍ പങ്കും അസാധുവായതിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍മൂലം കേരളത്തിലെ രണ്ടു പേരടക്കം മരിച്ചവരുടെ എണ്ണം ദേശീയതലത്തില്‍ 47 ആയി. ജനം നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയിരിക്കെ, അടുത്ത ദിവസങ്ങളിലും പ്രതിസന്ധി അയയുന്ന ലക്ഷണമില്ല. അടിസ്ഥാന ആവശ്യങ്ങള്‍ നടത്താന്‍ പ്രയാസപ്പെടുന്ന ജനം പണം പിന്‍വലിക്കാനും നോട്ട് മാറ്റിക്കിട്ടാനുമായി ബാങ്കിനും എ.ടി.എമ്മിനും മുന്നില്‍ എട്ടു ദിവസമായി ക്യൂ നില്‍ക്കുകയാണ്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്നതിനാല്‍ കുഴഞ്ഞുവീണും മറ്റുമാണ് മരണം. അടിയന്തരാവശ്യത്തിന് പണം കിട്ടാതെ ആത്മഹത്യയും നടന്നിട്ടുണ്ട്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് 47 മരണം നടന്നതാണ് സ്ഥിരീകരിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരാത്ത നിരവധി സംഭവങ്ങള്‍ വേറെയുമുണ്ടെന്നാണ് സൂചന. പ്രായമായവര്‍ ക്യൂ നിന്ന് കുഴഞ്ഞുവീണു മരിച്ച സംഭവങ്ങളാണ് ഏറെയും. ആശുപത്രിയില്‍ ചികിത്സ, ആംബുലന്‍സ് എന്നിവക്ക് പണം നല്‍കാന്‍ കഴിയാത്തതു വഴിയുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വിവിധ മാധ്യമ വാര്‍ത്തകള്‍ ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരമാണ് 47 എന്ന മരണസംഖ്യ. മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍നിന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്കിടയില്‍ അസാധാരണമായ മാനസിക പിരിമുറുക്കമാണ് സൃഷ്ടിച്ചത്. പഴയ കറന്‍സി പലചരക്കു കടയില്‍ എടുക്കാതെവന്നതിനെ തുടര്‍ന്നുള്ള മന$പ്രയാസമാണ് ഗുജറാത്തില്‍ വീട്ടമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത്. കാണ്‍പൂരില്‍ ഹൃദയാഘാതംമൂലം യുവാവ് മരിച്ചു. ആവശ്യത്തിന് കരുതിവെച്ച പണം മാറ്റിയെടുക്കാന്‍ കഴിയില്ളെന്ന ചിന്തയാണ് മാനസിക പിരിമുറുക്കമായി മാറിയത്.
 മൂന്നുദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവന്ന സഹകരണ ബാങ്ക് മാനേജര്‍ ഹൃദയാഘാതത്തെതുടര്‍ന്ന്  മരിച്ചു. ഹരിയാന റോഹ്തകിലെ ബാങ്ക് മാനേജര്‍ രാജേഷ്കുമാര്‍ ആണ് മരിച്ചത്. സ്വന്തം ചേംബറില്‍ കസേരയില്‍ മരിച്ച നിലയിലാണ് രാജേഷ്കുമാറിന്‍െറ മൃതദേഹം കണ്ടത്. മൂന്നു ദിവസമായി രാത്രിയിലും രാജേഷ്കുമാര്‍ ജോലിയില്‍ വ്യാപൃതനായിരുന്നുവെന്നും അദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞതായി ശിവാജി കോളനി പൊലീസ് അറിയിച്ചു. റോഹ്തക്കിലെ ബാങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നോട്ട് മാറിയെടുക്കാന്‍ വന്‍ തിരക്കായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ഗുഡ്ഗാവ് സ്വദേശിയായ രാജേഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

Tags:    
News Summary - rupee emergency: 47 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.