ഹൈദരാബാദ്:തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻപ്രചാരണത്തിന് കോപ്പുകൂട്ടി വരുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഒറ്റയടിക്കാണ് ബ്രേക്കിടേണ്ടിവന്നത്. ഇടിത്തീപോലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. ഇപ്പോൾ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലെന്ന അവസ്ഥ. ആദ്യം അടികിട്ടിയത് സാരി വിതരണ പദ്ധതിക്ക്.
സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകൾക്ക് കൊടുക്കാനായിരുന്നു സാരികൾ വാങ്ങിക്കൂട്ടിയത്. ഒന്നും രണ്ടുമല്ല, 95 ലക്ഷം സാരികൾ. ഇതിെൻറ വിലയാകെട്ട 280 കോടി. അടുത്തയാഴ്ച നവരാത്രി ആഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിലാണ് വിതരണം നിശ്ചയിച്ചിരുന്നത്. ഇപ്പോൾ എല്ലാം ‘ഗോപി’. സാരികൾ പെട്ടിയിൽ തന്നെയിരിക്കും. സാരിയേക്കാൾ വലുതായിരുന്നു റാവുവിന് ‘റൈത്തു ബന്ധു’ പദ്ധതി. റൈത്തുവെന്നാൽ കർഷകൻ. അതിനും തെരഞ്ഞെടുപ്പ് കമീഷൻ പാരയായി. പദ്ധതി പ്രകാരം സംസ്ഥാനത്തെ 11,000 ഗ്രാമങ്ങളിലെ 57 ലക്ഷം കർഷകർക്കാണ് ആനുകൂല്യം ലഭിേക്കണ്ടിയിരുന്നത്. ഏക്കറിന് 4000 രൂപ വീതമാണ് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരുമുഴം നീട്ടിയെറിയലായിരുന്നു ഇൗ പദ്ധതി. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെയൊരു പദ്ധതിയില്ലെന്ന അവകാശവാദവും മുഖ്യമന്ത്രിക്കുണ്ടായിരുന്നു. അടുത്തയാഴ്ച ഇൗ തുകയും വിതരണം ചെയ്യാനിരിക്കെയാണ് പെരുമാറ്റച്ചട്ടം വിനയായത്.
സാരിയും റൈത്തു ബന്ധുവുമെല്ലാം നേരത്തേ പ്രഖ്യാപിച്ച പദ്ധതികളായതിനാൽ തെരഞ്ഞെടുപ്പ് കമീഷനോട് പ്രത്യേകം അനുമതി തേടുമെന്ന് തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) മുതിർന്ന നേതാവ് പറഞ്ഞു. എന്നാൽ, ജനവികാരം തങ്ങൾക്ക് എതിരാകുമോയെന്ന് ഭയന്ന് സാരി വിതരണത്തെയും റൈത്തു ബന്ധു പദ്ധതിയെയും എതിർക്കാൻ കോൺഗ്രസ് തയാറായിട്ടില്ല.
അതേസമയം, സാരിയിൽ മുഖ്യമന്ത്രി റാവുവിെൻറ ചിത്രം പാടില്ലെന്നും റൈത്തു ബന്ധു പദ്ധതിക്കു കീഴിൽ ഉദ്യോഗസ്ഥർ നേരിട്ട് പണം വിതരണം ചെയ്യണമെന്നുമാണ് കോൺഗ്രസിെൻറ ആവശ്യം.
റാവു ചോദിച്ചുവാങ്ങി
സെപ്റ്റംബർ ആറിനാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സംസ്ഥാന മന്ത്രിസഭ പിരിച്ചുവിട്ടത്. മന്ത്രിസഭ കാലാവധിയെത്താതെ പിരിച്ചുവിട്ടാൽ തൊട്ടുപിന്നാലെ െതരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചു. പ്രതിപക്ഷത്തെ കോൺഗ്രസിനെയും തെലുഗുദേശം പാർട്ടിയെയും തറപറ്റിക്കലായിരുന്നു റാവുവിെൻറ ലക്ഷ്യം.
റാവുവുമായി തെരഞ്ഞെടുപ്പിൽ കൈകോർക്കുമെന്ന് കരുതുന്ന ബി.ജെ.പിയും മന്ത്രിസഭ നേരത്തെ പിരിച്ചുവിട്ടതിനെതിരെ രംഗത്തുവന്നിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്നാണ് റാവുവിെൻറ നിലപാട്. റാവു തെരഞ്ഞെടുപ്പ് മുൻകൂട്ടി പ്രഖ്യാപിച്ചെങ്കിലും മറ്റ് ചില സംസ്ഥാനങ്ങൾക്കൊപ്പം ഇൗ വർഷാവസാനം തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നാണ് തെരഞ്ഞെടുപ്പ് കമീഷനിൽ നിന്നുള്ള സൂചന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.