ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡറിക് ഒബ്രിയൻ എന്നിവർ വീണ്ടും രാജ്യസഭയിൽ എത്തുമെന്ന് ഉറപ്പായി. ഈ മാസം 24ന് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന രാജ്യസഭ സീറ്റുകളിൽ, ഇവർ അടക്കം 11 പേർക്ക് എതിരില്ല. നാമനിർദേശപത്രിക പിൻവലിക്കേണ്ട അവസാന ദിവസം കഴിഞ്ഞിരിക്കേയാണിത്. പശ്ചിമ ബംഗാളിലെ ആറ് സീറ്റിലും ഗുജറാത്തിലെ മൂന്നിലും ഗോവയിലെ ഒരുസീറ്റിലും സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒരു സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയെ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രമുഖരിൽ സുഖേന്ദു ശേഖർ റായ്, ദോല സെൻ, സാകേത് ഗോഖലെ, സമീറുൽ ഇസ്ലാം എന്നിവർ ഉൾപ്പെടും.
അടുത്തവട്ടം വോട്ടെടുപ്പ് കഴിയുമ്പോഴും രാജ്യസഭയിൽ ബി.ജെ.പിയും സഖ്യകക്ഷികളും ഭൂരിപക്ഷത്തിന് അകലെയാകും. ഒഴിവുള്ള സീറ്റുകൾ കഴിച്ചാൽ ഭൂരിപക്ഷത്തിന് 120 സീറ്റ് വേണം. എന്നാൽ, ബി.ജെ.പിക്ക് 93 സീറ്റാണ് ഉണ്ടാവുക. സഖ്യകക്ഷികളെക്കൂടി ചേർത്താൽ 105. പുതിയ വട്ടം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബി.ജെ.പിക്ക് രാജ്യസഭയിൽ ഒരാൾ കൂടും. കോൺഗ്രസിന് ഒരാൾ കുറഞ്ഞ് 30 പേരാകും. 245 അംഗ രാജ്യസഭയിൽ ജമ്മു-കശ്മീരിലെ നാലും യു.പിയിലെ ഒന്നും സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. നോമിനേറ്റ് ചെയ്യുന്നവരുടെ രണ്ടു സീറ്റും ഒഴിഞ്ഞുകിടക്കുന്നു. ഫലത്തിൽ 238 പേരാണ് രാജ്യസഭയിൽ. വൈ.എസ്.ആർ കോൺഗ്രസും ബി.ജെ.ഡിയും സഹായിച്ചു പോരുന്നതാണ് ബി.ജെ.പിക്ക് ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.