ന്യൂഡൽഹി: ശശി തരൂരിന്റെ നിലപാടുകളോട് എല്ലാക്കാലവും ബഹുമാനമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഡൽഹിയിൽ സ്വകാര്യ ചടങ്ങിനിടെ യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഗവൺമെൻറിനെ പ്രകീർത്തിച്ച ശശി തരൂരിന്റെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യമന്ത്രി.
ശശി തരൂരിന്റെ നിലപാടുകളെ, പ്രത്യേകിച്ച് സർക്കാറിനോടുള്ളവയെ എല്ലാക്കാലത്തും ആദരവോടെയാണ് കാണുന്നത്. റഷ്യ- യുക്രെയിൻ യുദ്ധത്തിൽ പ്രശ്നകേന്ദ്രീകൃതമായ നിലപാടാണ് ഇന്ത്യൻ സർക്കാർ സ്വീകരിക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന സംഘർഷത്തെയും അതിന് കാരണമായ സാഹചര്യവും വസ്തുനിഷ്ഠമായി നോക്കിക്കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വൈകാരികമായി വിഷയത്തെ സമീപിക്കുന്നത് മറ്റു പല രാജ്യങ്ങളുടെയും തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. പ്രചാരണങ്ങളുടെയും മുൻവിധികളുടെയും സ്വാധീനത്തിന് വഴങ്ങാതെ വിവേകപൂർവമായ രീതിയിൽ യുക്രെയിനിലെയും ആഗോളതലത്തിലെയും സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ജയ്ശങ്കർ പറഞ്ഞു.
ന്യൂഡൽഹിയിൽ സംഘടിപ്പിച്ച റെയ്സിന ഡയലോഗിലെ ഒരു സെഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശശി തരൂരിന്റെ വിവാദ പരാമർശം. റഷ്യ-യുക്രെയിൻ യുദ്ധത്തില്‍ മോദി തെരഞ്ഞെടുത്ത നിലപാടായിരുന്നു ശരിയെന്ന് താന്‍ പിന്നീട് മനസ്സിലാക്കിയെന്ന് പറഞ്ഞ തരൂര്‍ തന്റെ നിലപാട് മറ്റൊരു ദിശയിലായിപ്പോയെന്നും സമ്മതിച്ചു.
രണ്ട് രാജ്യങ്ങളുമായി നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞെന്ന് പറഞ്ഞ തരൂര്‍ മോദിയുടെ നയത്തെ താന്‍ എതിര്‍ത്തത് തെറ്റായിപ്പോയെന്നും വിശദീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.