ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ പ്രശംസിച്ച് അനിൽ കെ. ആന്റണി. ഇന്ത്യൻ താൽപര്യങ്ങൾക്ക് മാത്രമാണ് എസ്. ജയശങ്കർ പ്രാമുഖ്യം നൽകുന്നത്. ഉള്ളത് ഉള്ളതുപോലെ പറയുന്നയാളാണ് അദ്ദേഹമെന്നും അനിൽ കെ. ആന്റണി പറഞ്ഞു.
'റൈസിന ഡയലോഗ് 2023'ന്റെ ഭാഗമായി സിഡ്‌നിയിൽ നടന്ന ഒരു ചർച്ചയിൽ ജയശങ്കറിന്റെ സംവാദം ചൂണ്ടിക്കാട്ടിയായിരുന്നു അനിലിന്റെ പ്രശംസ. ഗുജറാത്ത് കലാപം പ്രമേയമായുള്ള 'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററി ബി.ബി.സി പുറത്തുവിട്ടതിനു പിറകെ സംഘ്പരിവാർ അനുകൂല പ്രസ്താവനയുമായി അനിൽ രംഗത്തെത്തിയത് വിവാദമായിരുന്നു. ഡോക്യുമെന്ററിയിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ പദവി രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ മീഡിയയുടെയും ദേശീയ കോ-ഓർഡിനേറ്റർ പദവിയും രാജിവച്ചിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള കടന്നാക്രമണമാണ് ബി.ബി.സി ഡോക്യുമെന്ററിയെന്നാണ് അനിൽ ആന്റണി വിമർശിച്ചത്. ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസിനുള്ളിൽനിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് പാർട്ടി പദവി ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.