കോഴിക്കോട്: സീതാറാം യെച്ചൂരിയുടെ വേർപാട് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും ജനകീയനായ നേതാവിനെയാണ് നഷ്ടമാക്കിയതെന്ന് സി.പി.എം മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള. എന്നാൽ, എന്നെ സംബന്ധിച്ച് ഏറ്റവും അടുത്ത സുഹൃത്തിന്റെ വേർപാടാണ് സംഭവിച്ചിട്ടുള്ളത്. സീതാറാം യെച്ചൂരിയും ഞാനും ഏകദേശം ഒരേ സമയത്താണ് പാർട്ടി നേതൃനിരയിലേക്ക് കടന്നുവന്നത്. പാർട്ടി കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ദീർഘകാലം ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു. ഡൽഹി പാർട്ടി സെൻററിൽ ഒന്നിച്ച് നിർവഹിച്ച ഉത്തരവാദിത്തങ്ങൾ നിരവധിയാണ്. പാർട്ടിക്കുവേണ്ടി രാജ്യത്തുടനീളം ഒരുപാട് യാത്രകളിലും ഞങ്ങൾ ഒരുമിച്ചായിരുന്നു.
പാർട്ടി ശക്തികേന്ദ്രങ്ങളായ കേരളത്തിലും ബംഗാളിലും അതതിടങ്ങളിലെ പ്രാദേശിക നേതാക്കളെ പോലെതന്നെ എല്ലാവർക്കും സുപരിചിതനായിരുന്നു സീതാറാം യെച്ചൂരി. ഒരോ സ്ഥലത്ത് ചെല്ലുമ്പോഴും ആ നാടിനോട്, നാട്ടുകാരോട് സീതാറാം ഒരു ഹൃദയ അടുപ്പം സ്ഥാപിച്ചെടുക്കും. പുരോഗമന രാഷ്ട്രീയത്തെ പുൽകിയ നാട് എന്ന നിലയിൽ കേരളത്തോട്, മലയാളികളോട് വലിയ മമത എന്നും മനസ്സിൽ കൊണ്ടുനടന്നിട്ടുണ്ട് സീതാറാം. അദ്ദേഹവുമായി അടുത്ത് പെരുമാറിയിട്ടുള്ള മലയാളി എന്ന നിലയിൽ അക്കാര്യത്തിൽ എനിക്ക് അഭിമാനവുമുണ്ട്.
സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യൻ ജനാധിപത്യ മതേതര സംവിധാനത്തിന് വലിയ നഷ്ടമാണ്. സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സീതാറാം, അതേ പ്രകാരം തന്നെ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഇതര രാഷ്ട്രീയ കക്ഷികളുമായും അവരുടെ നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഇന്ന് ഫാഷിസ്റ്റ് ഭരണകൂടം ഭരണഘടനക്ക് വെല്ലുവിളി ഉയർത്തിയപ്പോൾ അതിനെതിരായ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യനിര രൂപപ്പെടുത്തുന്നതിൽ സീതാറാം നിരന്തര ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇൻഡ്യ സഖ്യത്തിന്റെ പിറവി ആ നിലക്കുള്ള പ്രവർത്തനങ്ങളുടെ കൂടി ഫലമാണ്. എല്ലാകാലത്തും കമ്യൂണിസ്റ്റ് ആദർശത്തിന്റെ കൃത്യതയിൽ നിലകൊണ്ട വ്യക്തിയാണ് സീതാറാം യെച്ചൂരി.
പാവങ്ങളോടുള്ള അനുകമ്പയും അവരുടെ നല്ല നാളെക്കുറിച്ചുള്ള സ്വപ്നങ്ങളുമാണ് അദ്ദേഹത്തിന് കർമപഥത്തിൽ ഊർജം നൽകിയത്. എപ്പോഴും ജനങ്ങൾക്കൊപ്പം ജീവിച്ച നേതാവാണ് സീതാറാം യെച്ചൂരി. പൊതുപ്രവർത്തകരെ സംബന്ധിച്ച് അനുകരണീയമായ മാതൃക കാഴ്ചവെച്ചാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.