കാഠ്മണ്ഡു: സാര്‍ക് സമ്മേളനം വിജയകരമായി നടത്താന്‍ അനുകൂലസാഹചര്യം സൃഷ്ടിക്കണമെന്ന് നേപ്പാള്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യയും അഫ്ഗാനിസ്താനും ബംഗ്ളാദേശും ഭൂട്ടാനും സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നേപ്പാളിന്‍െറ അഭ്യര്‍ഥന.
പാകിസ്താനില്‍ നടക്കുന്ന സമ്മേളനത്തില്‍ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് നടപടിയുണ്ടാകണമെന്ന് നേപ്പാള്‍ ആവശ്യപ്പെട്ടു.
മേഖലയിലെ ഇപ്പോഴത്തെ സാഹചര്യം വിജയകരമായി സമ്മേളനം നടത്തുന്നതിന് അനുകൂലമല്ലാത്തതിനാല്‍ വിട്ടുനില്‍ക്കുമെന്ന് ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ അറിയിച്ചതായി നേപ്പാള്‍ വ്യക്തമാക്കി. നവംബര്‍ ഒമ്പത്, 10 തീയതികളിലാണ് 19ാമത് സാര്‍ക് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് രാജ്യങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.
സാര്‍ക് ചാര്‍ട്ടറിന്‍െറ സത്തയുള്‍ക്കൊണ്ട് പരിഹാരമാര്‍ഗത്തിന് ശ്രമമുണ്ടാകണമെന്ന് നേപ്പാള്‍ ആവശ്യപ്പെട്ടു. ഒരു അംഗരാജ്യം വിട്ടുനിന്നാല്‍ സമ്മേളനം സ്വാഭാവികമായും മാറ്റിവെക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുമെന്നാണ് സാര്‍ക് ചാര്‍ട്ടറില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.