മുംബൈ: സ്ത്രീ പ്രവേശനത്തിനായി മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപുർ ക്ഷേത്രത്തിൽ തൃപ്തി ദേശായി പ്രക്ഷോഭം നടത്തുകയും മുംബൈയിലെ ഹാജി അലി ദർഗ സമരത്തിൽ ഭാഗമാവുകയും ചെയ്തെങ്കിലും നിയമപോരാട്ടം നടത്തിയത് മറ്റുള്ളവർ. കോടതി വിധിയെ തുടർന്നാണ് ക്ഷേത്ര, ദർഗ ട്രസ്റ്റുകൾക്ക് സ്ത്രീ പ്രവേശനം അനുവദിക്കേണ്ടിവന്നത്. ശനി ശിംഗ്നാപുർ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിനായി കോടതിയെ സമീപിച്ചത് മുൻ പത്രപ്രവർത്തകയും സ്ത്രീ അവകാശ പ്രവർത്തകയുമായ വിദ്യ ബലും അഭിഭാഷക നീലിമ വർതകുമാണ്.
ഇവർക്ക് തൃപ്തി ദേശായിയുടെ ഭൂമാതാ ബ്രിഗേഡുമായി ബന്ധമില്ല. വിദ്യ ബലിെൻറ പൊതു താൽപര്യ ഹരജിയാണ് നാല് നൂറ്റാണ്ട് പഴക്കമുള്ള ആചാരം തള്ളി സ്തീകൾക്ക് പ്രവേശനം അനുവദിച്ച ബോംെബ ഹൈകോടതി വിധി. വിധി നടപ്പാക്കുന്നതിൽ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ വിട്ടുവീഴ്ചക്ക് തയാറാകാത്തതോടെ 2016 ഏപ്രിലിൽ േക്ഷത്ര ട്രസ്റ്റിന് വഴങ്ങേണ്ടിവന്നു. തൃപ്തി ദേശായിയുടെ വിജയമായാണ് ഇത് വാഴ്ത്തപ്പെട്ടത്.
ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ (ബി.എം.എം.എ) എന്ന സന്നദ്ധ സംഘടനയാണ് ഹാജി അലി ദർഗ സമരം നടത്തിയത്. പിന്നീട്, തൃപ്തി ദേശായിയും രംഗത്തുവരികയായിരുന്നു. ദർഗയിലെ സ്ത്രീ പ്രവേശന വിഷയത്തിലും കോടതിയെ സമീപിച്ചത് തൃപ്തിയുമായി ബന്ധമുള്ളവരല്ല. ബി.എ.എം.എ സ്ഥാപകരായ ഗുജറാത്ത് സർവകലാശാല മുൻ പ്രഫ. സാകിയ സോമനും നൂർജഹാൻ സഫിയ ഷിയാസുമാണ് ബോംെബ ഹൈകോടതിയിൽ ഹരജി നൽകി അനകൂല വിധി നേടിയത്. ഇവിടെയും വിജയ ഖ്യാതി തൃപ്തിയാണ് നേടിയത്.
പ്രതിസന്ധിയെ തുടർന്ന് കോളജ് പഠനം ആദ്യവർഷം തന്നെ നിർത്തിയ തൃപ്തി സാമൂഹിക സേവനത്തിലേക്ക് തിരിഞ്ഞെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. 2010ലാണ് ഭൂമാതാ ബ്രിഗേഡ് രൂപവത്കരിച്ചത്. ശനി ശിംഗ്നാപുർ പ്രക്ഷോഭത്തിലൂടെ രാജ്യത്ത് ഖ്യാതി നേടി. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രശാന്ത് ദേശായിയാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.