ജയ്പൂർ: രാജസ്ഥാനിൽ 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു ശേഷം ഇഷ്ടിക ചൂളയിലിട്ട് കത്തിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും മനസിനെ അസ്വസ്ഥമാക്കുന്ന വാർത്തയാണ് ഇതെന്നുമായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രതികരണം. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് കരുതുന്നത്. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു ശേഷം ചൂളയിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
''നമ്മുടെ പെൺമക്കൾക്കും സ്‍ത്രീകൾക്കും എതിരായ ഒരു തരത്തിലുള്ള അതിക്രമങ്ങളും നീതീകരിക്കാനാവില്ല. ഇത്തരം മനുഷ്യത്വ രഹിതമായ അതിക്രമങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണം. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണം. അവരുടെ ദുഃഖത്തോടൊപ്പം ചേരുന്നു. ''-എന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ ട്വീറ്റ്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഗെഹ്ലോട്ട് സർക്കാരിനെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് നിയമസഭയിൽ അഭിപ്രായപ്പെട്ട മന്ത്രി രാജേന്ദ്ര ഗുധയെ ഗെഹ്ലോട്ട് പുറത്താക്കിയിരുന്നു. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനാണ് ഗുധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.