ന്യൂഡൽഹി: മാവോയിസ്റ്റ് വിപ്ലവ ഗായകനും കവിയുമായ ഗദ്ദറിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഗദ്ദറിന്‍റെ വേർപാടിൽ ദുഃഖിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
തെലുങ്കാനയിലെ ജനങ്ങളോടുള്ള സ്നേഹമാണ് പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി അക്ഷീണം പോരാടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഗദ്ദറിന്‍റെ പാരമ്പര്യം നമുക്കേവർക്കും പ്രചോദനമാവട്ടെ എന്നും രാഹുൽ വ്യക്തമാക്കി.
ഗദ്ദറിന്‍റെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അനുശോചിച്ചു. സാമൂഹ്യ കാര്യങ്ങളിലുള്ള ഗദ്ദറിന്‍റെ അചഞ്ചലമായ അർപ്പണബോധവും തെലുങ്കാന സംസ്ഥാനത്തിനായുള്ള പോരാട്ടം പ്രചോദനാത്മകമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഗദ്ദറിന്‍റെ ശക്തമായ വാക്കുകൾ ദശലക്ഷക്കണക്കിന് ആളുകളുടെ അഭിലാഷങ്ങളെ പ്രതിധ്വനിപ്പിച്ചു. നമ്മുടെ ഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ പാരമ്പര്യം മാറ്റത്തിന്റെ തീജ്വാലകൾ ജ്വലിപ്പിക്കട്ടെ. ഗദ്ദർ ഗാരൂ, സമാധാനമായി വിശ്രമിക്കൂ.
ഗുമ്മാഡി വിറ്റൽ റാവു എന്ന ഗദ്ദർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്തരിച്ചത്. ആന്ധ്രപ്രദേശിലെ നക്സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന അദ്ദേഹം, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്)ന്‍റെ സാംസ്കാരിക വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു.
2010 വരെ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ഗദ്ദർ തെലങ്കാന സംസ്ഥാന പ്രസ്ഥാനത്തിൽ ചേർന്നു. അംബേദ്കറൈറ്റ് ആണെന്ന് സ്വയം തിരിച്ചറിഞ്ഞ അദ്ദേഹം, തെലങ്കാന പ്രജാഫ്രണ്ട് എന്ന പാർട്ടി രൂപീകരിച്ചെങ്കിലും രാഷ്ട്രീയത്തിൽ വിജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.