തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴിയാക്കുന്നു

ന്യൂഡല്‍ഹി: വ്യവസായ, വ്യാപാര സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ ശമ്പളം ബാങ്ക് വഴി നല്‍കണമെന്ന് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കി. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച പണരഹിത സമ്പദ്വ്യവസ്ഥയെന്ന ആശയത്തിന്‍െറ ഭാഗമായാണ് നീക്കം.

വേതനം ചെക്ക് വഴിയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നതോ നിര്‍ബന്ധമാക്കി പണമായി കൈയില്‍ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് തീരുമാനം. 1936ലെ വേതന നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ നീക്കത്തിനു നിയമ സാധുതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.   വേതനം ബാങ്ക് വഴിയാകുന്നതോടെ തൊഴിലാളികള്‍ക്ക്  കൂലി യഥാവിധി ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

മാത്രമല്ല, തൊഴിലാളികളുടെ വേതനത്തിന്‍െറ പേരിലുള്ള നികുതി വെട്ടിപ്പ് കണ്ടത്തൊനാകുമെന്നും കണക്കുകൂട്ടുന്നു. തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനം നല്‍കുകയും  കണക്കില്‍ ഉയര്‍ന്ന വേതനം എഴുതിച്ചേര്‍ത്ത് ചെലവ് പെരുപ്പിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന രീതി  പല കമ്പനികളും സ്വീകരിക്കാറുണ്ട്. 

ശമ്പളവിതരണം ബാങ്ക് വഴിയാക്കിയാലും ഇത്തരം വെട്ടിപ്പുകളും ചൂഷണവും തടയാനാകുമോയെന്ന സംശയവും നിലനില്‍ക്കുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് ഉയര്‍ന്ന ശമ്പളം നല്‍കുകയും അതില്‍ നിന്നൊരു വിഹിതം തിരിച്ചുപിടിക്കുകയും ചെയ്യുന്ന രീതി നഴ്സിങ് മേഖലയിലും അണ്‍ എയ്ഡഡ് സ്കൂളുകളിലും വര്‍ഷങ്ങളായി തുടരുന്ന ചൂഷണമാണ്.  ശമ്പളം ബാങ്ക് വഴിയാക്കുന്ന തീരുമാനം ആദ്യഘട്ടത്തില്‍  കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലുള്ള റെയില്‍വേ,  ഖനന മേഖല, എണ്ണ കമ്പനി തുടങ്ങിയവയില്‍ കേന്ദ്രം നേരിട്ട് നടപ്പാക്കും. അത് പിന്തുടര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും.

കേരളം, ആന്ധ്രപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊഴിലാളികളുടെ വേതനം ബാങ്ക് വഴി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജന്‍ധന്‍ പദ്ധതിയിലൂടെ ഭൂരിപക്ഷത്തിനും ബാങ്ക് അക്കൗണ്ട് സ്വന്തമാക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ബാങ്ക് വഴിയുള്ള ശമ്പളവിതരണം എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് മോദി സര്‍ക്കാറിന്‍െറ പ്രതീക്ഷ.  

 

Tags:    
News Summary - salary through banks to daily wages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.