മുംബൈ: മയക്കുമരുന്ന് കേസിൽനിന്ന് ആര്യൻ ഖാനെ രക്ഷിക്കാൻ ഷാറൂഖ് ഖാനോട് കോഴ ആവശ്യപ്പെട്ടെന്ന കേസിൽ അറസ്റ്റിൽനിന്ന് സംരക്ഷണം തേടി സാം ഡിസൂസ ബോംബെ ഹൈകോടതിയിൽ. കേസിലെ സാക്ഷി പ്രഭാകർ സായിലാണ് കോഴ ആരോപണം ഉന്നയിച്ചത്.
ഷാറൂഖ് ഖാെൻറ മാനേജർ പൂജ ദദ്ലാനിയോട് 25 കോടി ആവശ്യപ്പെടാനും 18 കോടിയെങ്കിലും വാങ്ങാനും അതിൽ എട്ട് കോടി നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെക്ക് ഉള്ളതാണെന്നും വിവാദ 'ഡിക്ടറ്റീവ്' കിരൺ ഗോസാവി സാം ഡിസൂസയോട് ഫോണിൽ പറയുന്നത് കേട്ടെന്നാണ് പ്രഭാകർ സായിൽ സത്യവാങ്മൂലത്തിലൂടെ ആരോപിച്ചത്. 50 ലക്ഷം വാങ്ങിയെന്നും ആരോപിച്ചിരുന്നു. പ്രഭാകർ സായിലിെൻറ മൊഴിയിൽ കേസെടുത്ത മുംബൈ പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
അന്വേഷണ സംഘം തെളിവുകൾ ശേഖരിക്കുന്നതിനിടെയാണ് സാം ഡിസൂസ ഹൈകോടതിയിൽ അഭയം തേടിയത്. പൂജ ദദ്ലാനിയിൽനിന്ന് ഗോസാവി 50 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച സാം ഡിസൂസ, അതിൽ തനിക്കും സമീർ വാങ്കഡെക്കും പങ്കില്ലെന്നും വിവരം അറിഞ്ഞയുടൻ പണം തിരികെ കൊടുപ്പിച്ചെന്നും ഹരജിയിൽ പറയുന്നു. 'റെയ്ഡിൽ ആര്യനിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഗോസാവി പറഞ്ഞു. ആര്യനെ രക്ഷിക്കണമെന്നും അതിനായി പൂജയുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് തെൻറ സുഹൃത്തുവഴി ഒക്ടോബർ മൂന്നിന് പുലർച്ചെ ലോവർ പരേലിൽ വെച്ച് പൂജയെയും ഭർത്താവിനെയും കണ്ടു. സമീർ വാങ്കഡെയുടെ നമ്പറെന്ന് തോന്നിപ്പിക്കാൻ പ്രഭാകർ സായിലിെൻറ നമ്പർ 'എസ്.ഡബ്ള്യൂ 2' എന്ന് സേവ് ചെയ്ത് ഗോസാവി അവരെ കബളിപ്പിച്ചു. ഗോസാവി 50 ലക്ഷം വാങ്ങിയെന്ന് പിന്നീടാണ് അറിഞ്ഞത്. ആര്യനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഞെട്ടി. ഗോസാവിയിൽ സമർദം ചെലുത്തി പണം തിരികെ കൊടുപ്പിച്ചു' -എന്നിങ്ങനെയാണ് സാം ഡിസൂസയുടെ അവകാശ വാദം. പ്രഭാകർ സായിൽ മുംബൈ പൊലീസിെൻറ സംരക്ഷണത്തിലും ഗോസാവി പുണെ പൊലീസിെൻറ കസ്റ്റഡിയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.