സമാജ്‍വാദി പാർട്ടിക്ക് തിരിച്ചടി; മുതിർന്ന നേതാവ് ബി.ജെ.പിയിലേക്ക്

ലഖ്നോ: അവസാനഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ യു.പിയിൽ സമാജ്‍വാദിക്ക് തിരിച്ചടി നൽകി പാർട്ടിയിലെ സീനിയർ നേതാവ് ബി.ജെ.പിയിലേക്ക് കൂടുമാറുന്നു. മുൻ മന്ത്രി നാരദ് റായ് ആണ് ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നതായുള്ള റിപ്പോൾട്ടുകൾ.

കഴിഞ്ഞദിവസം വാരാണസിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി നാരദ് കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ചു. അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റ് ‘ജയ് ശ്രീ റാം’ വിളിയോടെയാണ് അവസാനിക്കുന്നത്. എൻ.ഡി.എ ഘടകകക്ഷിയായ സുഹേൽ ദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) നേതാവും യു.പി മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറിനൊപ്പമായിരുന്നു നാരദ് അമിത് ഷായെ കണ്ടത്.

മൂന്ന് പതിറ്റാണ്ടിലധികമായി രാഷ്ട്രീയത്തിൽ സജീവമായുള്ള നാരദ് മുലായം കുടുംബത്തിന്റെ അടുപ്പക്കാരനായിട്ടാണ് അറിയപ്പെടുന്നത്. സംസ്ഥാനത്തെ ഭൂമിയാർ സമുദായത്തിന്റെ നേതാവായി കണക്കാക്കപ്പെടുന്ന അദ്ദേഹം സമീപകാലത്ത് അഖിലേഷുമായി ഉടക്കിലാണ്. ഞായറാഴ്ച, ബാലിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ അഖിലേഷിനോടുള്ള അതൃപ്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നാരദ് പരസ്യമായി പ്രകടിപ്പിച്ചതും വാർത്തയായിരുന്നു.

തുടർന്ന്, സ്വവസതിയിൽ അനുയായികളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണ് രാജ്ഭറിനൊപ്പം അമിത് ഷായെ സന്ദർശിച്ചത്. നാരദിന്റെ കൂടുമാറ്റം അവസാനഘട്ട വോട്ടെടുപ്പിൽ ചില മണ്ഡലങ്ങളിലെങ്കിലും എസ്.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Samajwadi Party leader Narad Rai joining BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.