ലഖ്നോ: ഉത്തർപ്രദേശിൽ ലഖിംപൂർ ഖേരി കർഷകക്കൊല രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി സമാജ്വാദി പാർട്ടി. എല്ലാമാസവും മൂന്നാം തീയതി 'ലഖിംപൂർ കിസാൻ സ്മൃതി ദിവസ്' ആചരിക്കാനാണ് പ്രവർത്തകരോട് പാർട്ടിയുടെ ആഹ്വാനം. ഒക്ടോബർ മൂന്നിലെ ലഖിംപൂർ കർഷകക്കൊലയും ബി.ജെ.പിയുടെ ക്രൂരതയും ഒാർമിപ്പിക്കുന്നതിനാണ് ലഖിംപൂർ കിസാൻ സ്മൃതി ദിവസ് ആചരിക്കുക.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ലഖിംപൂരിൽ പ്രതിഷേധവുമായെത്തിയ കർഷകർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. നാലുകർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പതുപേർക്ക് അക്രമത്തിൽ ജീവൻ നഷ്ടമായി.
നവംബർ മൂന്നിന് കർഷകർക്ക് ആദരവ് അർപ്പിച്ച് എല്ലാവരും ദീപം തെളിയിക്കണമെന്നും എസ്.പി ആഹ്വാനം ചെയ്തു.
ലഖിംപൂർ കർഷക കൊലയുമായി ബന്ധപ്പെട്ട് ആശിഷ് മിശ്ര ജയിലിലാണ്. സംഭവത്തെ തുടർന്ന് യു.പിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭക്കും കേന്ദ്രസർക്കാറിനുമെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അജയ് മിശ്രയെ കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി നീതിയുക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.