മുംബൈ: റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എച്ച്.എൽ.എഫുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പ് കേസിൽ ശിവസേന വക്താവും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ സഞ്ജയ് റാവുത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 11.30ന് ഇ.ഡി ആസ്ഥാനത്ത് ഹാജരായ റാവുത്തിന്റെ ചോദ്യം ചെയ്യൽ പത്തുമണിക്കൂർ നീണ്ടു.
ഉദ്ധവ് സർക്കാർ വീണതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യൽ. ഇ.ഡിയുമായി സഹകരിക്കുമെന്നും ഭയമില്ലെന്നും ഹാജരാകും മുമ്പ് രാജ്യസഭ എം.പികൂടിയായ റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഉദ്ധവ് സർക്കാറിനെ മറിച്ചിടാൻ കൂട്ടുനിൽക്കാത്തതിന് പ്രതികാരമായി തനിക്കെതിരെ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നതായി റാവുത്ത് നേരത്തേ ആരോപിച്ചിരുന്നു. പത്രചാൾ കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ. റാവുത്തിന്റെ അടുപ്പക്കാരായ സുജിത് പാർക്കർ, പ്രവീൺ റാവുത്ത് എന്നിവരുടെ കെട്ടിട നിർമാണ കമ്പനിക്കാണ് ഡി.എച്ച്.എൽ.എഫ് പത്രചാളിന്റെ പുനർനിർമാണത്തിന് ഉപകരാർ നൽകിയത്. വായ്പ തട്ടിപ്പിൽ ലഭിച്ച പണത്തിന്റെ വിഹിതം സുജിത് പാർക്കറുടെ ഭാര്യയുടെ അക്കൗണ്ട് വഴി സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷയുടെ അക്കൗണ്ടിൽ എത്തിയതായാണ് ഇ.ഡിയുടെ ആരോപണം. കേസിൽ പ്രവീൺ റാവുത്ത് ജയിലിലാണ്. 11.15 കോടി രൂപ വിലമതിക്കുന്ന വർഷയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.