സഞ്ജയ് റാവത്ത്

സഞ്ജയ് റാവുത്തിന്‍റെ അറസ്റ്റ്: ഇ.ഡി വീണ്ടും രാഷ്ട്രീയ വിവാദത്തിൽ

ന്യൂഡൽഹി: ശിവസേന എം.പിയും രാജ്യസഭയിൽ പ്രതിപക്ഷ നിരയിലെ പ്രധാന നേതാവുമായ സഞ്ജയ് റാവുത്തിന്‍റെ അറസ്റ്റോടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും രാഷ്ട്രീയ വിവാദത്തിൽ. ഇതേ ചൊല്ലി പ്രതിപക്ഷ എം.പിമാർ രാജ്യസഭ സ്തംഭിപ്പിച്ചു.

ഝാർഖണ്ഡ് സർക്കാറിനെ അട്ടിമറിക്കാൻ കോൺഗ്രസ് എം.എൽ.എമാർക്ക് കൊടുത്ത പണം കണ്ടെടുത്ത് അവരെ ബംഗാളിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹേമന്ത ബിശ്വ ശർമക്കെതിരെ നടപടി എടുക്കാൻ ഇ.ഡി തയാറാകാത്തത് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് വിട്ട കപിൽ സിബലും കോൺഗ്രസ് നേതാവ് ശശി തരൂരും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ അറസ്റ്റിനെതിരെ രംഗത്തുവന്നു. ഇ.ഡിക്ക് വിപുല അധികാരം നൽകി സുപ്രീംകോടതി ഈയിടെ പുറപ്പെടുവിച്ച വിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കുകയാണെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.

ഇ.ഡിയെ ദുരുപയോഗം ചെയ്യുന്ന സർക്കാർ അസാധാരണമായ തരത്തിലാണ് പ്രതിപക്ഷത്തുള്ളവരെ മാത്രം ലക്ഷ്യമിടുന്നതെന്ന് ശശി തരൂർ വിമർശിച്ചു. സർക്കാർ സംവിധാനങ്ങൾ രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ നേടാനുള്ളതല്ലെന്ന് ശശി തരൂർ പറഞ്ഞു. റാവുത്തിന്‍റെ അറസ്റ്റും വിലക്കയറ്റവും ഉന്നയിച്ച് ശിവസേനയുടെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും എം.പിമാർ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി.

ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ പ്രത്യേക കോടതി വ്യാഴാഴ്ച വരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ (ഇ.ഡി) കസ്റ്റഡിയിൽ വിട്ടത്. ഇ.ഡി എട്ടു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെ നാലു ദിവസം മാത്രം അനുവദിക്കുകയായിരുന്നു.

ഞായറാഴ്ച പകൽ കിഴക്കൻ മുംബൈയിലെ ബന്ദൂപിലുള്ള വസതിയിൽ പരിശോധന നടത്തിയശേഷം കസ്റ്റഡിയിലെടുത്ത റാവുത്തിന്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ വൈദ്യപരിശോധനക്കുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. വസതിയിലെ പരിശോധനയിൽ 11.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. മുംബൈയിൽ ചെലവുകുറഞ്ഞ വീടുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് റാവുത്തിന്റെ ഭാര്യയും കൂട്ടാളികളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റാവുത്തിനെ അറസ്റ്റ് ചെയ്തത്.

ഏപ്രിലിൽ റാവുത്തിന്റെ ഭാര്യയുടെയും രണ്ടു കൂട്ടാളികളുടെയും 11.15 കോടിയുടെ ആസ്തി ഇ.ഡി പിടിച്ചെടുത്തിരുന്നു. റാവുത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഔറംഗാബാദിലും നാസികിലും ശിവസേന പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

Tags:    
News Summary - Sanjay Raut's arrest: ED again in political controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.