ന്യൂഡൽഹി: മുതിർന്ന എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാജ്യസഭ അധ്യക്ഷന്റെ നിർദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാണ് നടപടി. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട്വെച്ച പ്രമേയം ശബ്ദവോട്ടൊടെ സഭ പിന്തുണച്ചതിന് പിന്നാലെ സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്തതായി രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചു.
സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്‍പെൻഡ് ചെയ്ത തീരുമാനം ദൗർഭാഗ്യകരമെന്ന് എ.എ.പി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. ''സത്യത്തിനായി ശബ്ദമുയർത്തിയതിന്റെ പേരിൽ സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്തതിൽ ഞങ്ങൾ അസ്വസ്ഥരല്ല. എന്നാൽ ഇത് ദൗർഭാഗ്യകരമായി പോയി.''-സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പ്രതികരിക്കണമെന്നായിരുന്നു സഞ്ജയ് സിങ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടത്. അവരുടെ ആവശ്യം തള്ളുകയും ചോദ്യോത്തരവേള ആരംഭിക്കുകയുമായിരുന്നു. തുടർന്ന് രാജ്യസഭയുടെ നടത്തളത്തിലെത്തി സഞ്ജയ് സിങ് ഈയാവശ്യം വീണ്ടും ഉന്നയിച്ചു. അദ്ദേഹത്തോട് സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്ന് ധൻഖർ പ്രതികരിച്ചു. നടുത്തളത്തിലെത്തി സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് പീയുഷ് ഗോയൽ ഇദ്ദേഹത്തിനെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
ചെയർമാന്റെ നിർദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാൽ സഞ്ജയ് സിങ്ങിനെ ഈ സെഷന്റെ മുഴുവൻ സമയത്തേക്കും സസ്പെൻഡ് ചെയ്തുവെന്നതാണ് പ്രമേയമെന്ന് ചെയർമാൻ പറഞ്ഞു. കൈകൾ ഉയർത്തി ശബ്ദവോട്ടോടെയാണ് സഭ പ്രമേയം അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.