ന്യൂഡൽഹി: സുനന്ദ പുഷ്കർ കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം അപഹാസ്യകരമെന്ന് ശശി തരൂർ എം.പി. സുനന്ദ പുഷ്കറെ അറിയുന്ന ആരും അവർ ആത്മഹത്യ ചെയ്തതാണെന്നോ അതിന് പ്രേരണയായത് താനാണെന്നോ വിശ്വസിക്കില്ല. നാലു വർഷത്തിലേറെ ഡൽഹി പൊലീസ് അന്വേഷിച്ച് ആത്മഹത്യയാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെങ്കിൽ അത് ബാഹ്യ പ്രേരിതമാണെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.
ഒക്ടോബർ ഏഴിന് ഡൽഹി ഹൈകോടതിയിൽ അഭിഭാഷകൻ അറിയിച്ചത് പൊലീസ് ആർക്കെതിരെയും ഒരു തെളിവും കണ്ടെത്തിയിട്ടില്ല എന്നാണ്. എന്നാൽ ആറു മാസങ്ങൾക്കു ശേഷം തനിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത് അവിശ്വസനീയമാണെന്നും തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ശശി തരൂരിനെതിരെ പട്യാല ഹൗസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 498(a)(ഗാർഹീക പീഡനം),306(ആത്മഹത്യ പ്രേരണ) വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. സുനന്ദയുടേത് ആത്മഹത്യയാണെന്നാണ് ഡൽഹി പൊലീസ് കണ്ടെത്തൽ. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ഇൗ മാസം 24ന് കേസിൽ വീണ്ടും വാദം കേൾക്കും.
ഡൽഹിയിലെ ആഡംബര ഹോട്ടലിൽ 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.