മുഖ്യമന്ത്രിയാകാൻ മോഹിച്ചു; ലഭിച്ചത് ജയിൽ

ചെന്നൈ: കുറ്റക്കാരിയെന്ന് കണ്ടെത്തിയ സുപ്രീംകോടതി വിധിയോടെ അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായ ശശികലാ നടരാജന്‍െറ രാഷ്ട്രീയ ഭാവിക്ക് വിരാമമായി. പന്നീർസെൽവത്തിനെതിരായ രാഷ്ട്രീയ നീക്കങ്ങളാൽ കലങ്ങിമറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക വിധിയാണ് വന്നിരിക്കുന്നത്. വിധി അനൂകൂലമായാല്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ തന്‍റെ വേരുറപ്പിക്കുമെന്ന് ഉറപ്പായിരുന്നു ശശികല . ഭൂരിപക്ഷം എം.എൽ.എമാരുടേയും പിന്തുണയുള്ള ശശികല വൈകാതെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണറുടെ മേൽ സമ്മർദം ചെലുത്തുകയായിരുന്നു. 

മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിത ഉള്‍പ്പെട്ട കേസില്‍ ശശികല, ശശികലയുടെ സഹോദര ഭാര്യ ഇളവരശി, ശശികലയുടെ സഹോദര പുത്രനും ജയയുടെ വളര്‍ത്തുമകനുമായ വി.എന്‍ സുധാകരന്‍ എന്നിവരും പ്രതികളാണ്. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991നും 96നും ഇടയില്‍ അനധികൃതമായി 66.65 കോടിയുടെ സ്വത്തുസമ്പാദിച്ചു എന്നായിരുന്നു കേസ്. ബി.ജെ.പി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിയുമായി ആദ്യം കോടതിലെത്തുന്നത്. 2014ല്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി മൈക്കല്‍ ഡികൂഞ്ഞ ജയലളിതക്ക് നാലുവര്‍ഷം തടവിനും 100 കോടി രൂപ പിഴയടക്കാനും വിധിച്ചു. ശശികല ഉള്‍പ്പെടെ മറ്റ് പ്രതികള്‍ക്ക് തടവിന് പുറമെ പത്ത്കോടി രൂപാ പിഴ ശിക്ഷിച്ചു. ഇതിനെതിരായ ജയലളിതയുടെ അപ്പീലിന്‍ 2015 മെയില്‍ കര്‍ണാടക ഹൈകോടതി  ജഡ്ജി സി.ആര്‍ കുമാരസ്വാമി കീഴ്ക്കോടതി വിധി റദ്ദാക്കി പ്രതികളെ വെറുതെവിട്ടു. ഹൈകോടതിയുടെ കണ്ടെത്തലുകള്‍ നിശിതമായി വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പ്രതികളുടെ സ്വത്ത് കണക്കാക്കുന്നതില്‍ ജഡ്ജിക്ക് പറ്റിയ പാകപ്പിഴകന്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ 2016 ജൂണ്‍ ഏഴിന് സുപ്രീംകോടതിയില്‍ വിചാരണ കഴിഞ്ഞെങ്കിലും വിധി പറയുന്നത് അനിശ്ചിതമായി നീളുകയായിരുന്നു.

ആദായനികുതി കേസിന്‍െറ തീര്‍പ്പിനു പുറമെ മറ്റ് ചില ആദായനികുതി കേസുകളിലും ശശികലയും ഭര്‍ത്താവ് എം. നടരാജനും അടുത്ത ബന്ധുക്കളായ ടി.ടി.വി ദിനകരന്‍, ദിവാകരന്‍ എന്നിവരും പ്രതികളാണ്. കഴിഞ്ഞ ആഴ്ച നികുതിവെട്ടിപ്പു കേസുകളില്‍ ശശികലയെ മദ്രാസ് ഹൈകോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം മുമ്പ് ആഡംബരം  കാറുകള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തകേസില്‍ നടരാജന്‍ സി.ബി.ഐയുടെയും ആദായനികുതി എന്‍ഫോഴസ്മെന്‍റിനെയും പരാതികളില്‍ വിചാരണ നടന്നു വരുന്നു. മുന്‍ എം.പി കൂടിയായ ടി.ടി.വി ദിനകരന്‍ 28 കോടിയുടെ വിദേശ വിനിമയ സാമ്പത്തിക തിരിമറി കേസില്‍ മദ്രാസ് ഹൈകോടതിയില്‍ വിചാരണ നേരിടുന്നുണ്ട്. 


 

Tags:    
News Summary - Sasikala verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.