ശശികല കോട്ട ഇളകുന്നു: പന്നീര്‍സെല്‍വത്തിന് പിന്തുണ ഏറുന്നു

ചെന്നൈ: അധികാര തര്‍ക്കങ്ങള്‍ക്കിടെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ കെട്ടിപ്പടുത്ത ‘ചീട്ടുകൊട്ടാരം’ ഇളകിത്തുടങ്ങുന്നതായി സൂചനകള്‍. സംസ്ഥാന വിദ്യാഭ്യാസമന്ത്രിയും പ്രമുഖ വ്യവസായിയുമായ മാഫോയ് പാണ്ഡ്യരാജനും മറ്റ് മൂന്ന് ലോക്സഭ അംഗങ്ങളും അണ്ണാ ഡി.എം.കെ വക്താവ് സി. പൊന്നയ്യനും കാവല്‍ മുഖ്യമന്ത്രി പന്നീര്‍സെല്‍വത്തിനൊപ്പമത്തെി. കൃഷ്ണഗിരി എം.പി അശോക് കുമാര്‍, നാമക്കല്‍ എം.പി പി.ആര്‍. സുന്ദരം, തിരുപ്പൂര്‍ എം.പി സത്യഭാമ എന്നിവരാണ് നയം വ്യക്തമാക്കിയത്. 
 


ജയലളിത പോലും തോറ്റ 1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ നാല് അണ്ണാ ഡി.എം.കെ എം.എല്‍.എമാരില്‍ ഒരാളായിരുന്നു സുന്ദരം. അണ്ണാ ഡി.എം.കെയില്‍ തുറന്ന പോര് തുടങ്ങി ആറാം ദിവസമാണ് സ്വന്തം മന്ത്രിസഭയിലെ ഒരാള്‍ പന്നീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഇതോടെ പന്നീര്‍സെല്‍വം പക്ഷത്ത് ആറു എം.എല്‍.എമാരും അഞ്ച് എം.പിമാരുമായി. ഇതിനിടെ മൈലപ്പൂര്‍ എം.എല്‍.എ മുന്‍ ഡി.ജി.പി കൂടിയായ നടരാജന്‍ പിന്തുണ പ്രഖ്യാപിച്ചതായി സൂചനയുണ്ട്. ഇരുപതോളം എം.എല്‍.എമാര്‍ അടുത്തദിവസങ്ങളില്‍ എത്തുമെന്നാണ് മന്ത്രി പാണ്ഡ്യരാജന്‍െറ പ്രതികരണം. രാജ്യസഭാംഗങ്ങളായ വി. മൈത്രേയന്‍, ശശികല പുഷ്പ എന്നിവര്‍ പന്നീര്‍സെല്‍വത്തിനൊപ്പമാണ്. പാണ്ഡ്യരാജന്‍െറ വിപ്ളവകരമായ കടന്നുവരവ് അമ്മയുടെ ആത്മാവിനെ സന്തോഷിപ്പിച്ചതായി പന്നീര്‍സെല്‍വം പ്രതികരിച്ചു. ശശികല പ്രതിയായ അനധികൃത സ്വത്ത് സമ്പാദനകേസില്‍ സുപ്രീംകോടതി വിധി വരുംവരെ തീരുമാനം വൈകിപ്പിച്ച് പന്നീര്‍സെല്‍വത്തിന് അനുകൂലമായ രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്ന് വ്യക്തമായിരിക്കുന്നു. ഈ കാലതാമസത്തിനിടെ ശശികല പക്ഷത്തുനിന്നുള്ള എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്കാണ് കേന്ദ്ര സര്‍ക്കാറിന്‍െറ പിന്തുണയോടെ ഗവര്‍ണര്‍ പരോക്ഷമായി നടപ്പാക്കുന്നത്. 
 

മന്ത്രിസഭാംഗം ഉള്‍പ്പെടെ നാല് മുതിര്‍ന്ന നേതാക്കളുടെ കൂടുമാറ്റം ശശികല പക്ഷത്ത് കൂടുതല്‍ വിള്ളലുണ്ടാകുന്നതിന്‍െറ സൂചനയാണ്. പിന്തുണക്കുന്ന എം.എല്‍.എമാരോടൊത്ത് അടിയന്തരമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കണമെന്ന ശശികലയുടെ അഭ്യര്‍ഥന ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ നിരസിച്ചു. കേസിലെ പ്രതിയായ തനിക്ക് പകരം മറ്റൊരാളെ നേതാവാക്കിയാല്‍ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുമോ എന്ന് അഭ്യര്‍ഥന നടത്താനുള്ള ശശികലയുടെ  നാടകീയ ശ്രമമാണ് ഗവര്‍ണര്‍ പൊളിച്ചത്. കൂടിക്കാഴ്ചക്ക് അനുമതി തേടി നല്‍കിയ കത്തില്‍ തമിഴ്നാടിന്‍െറ നന്മയെ കരുതി ഉടന്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു. 
 

ഇതിനിടെ കാഞ്ചീപുരം ജില്ലയിലെ മഹാബലിപുരത്തെ റിസോര്‍ട്ടുകളില്‍ കഴിയുന്ന എം.എല്‍.എമാരെ നേരിട്ട് സന്ദര്‍ശിച്ച് അവര്‍ വിശ്വാസം ഊട്ടി ഉറപ്പിച്ചു. അരമണിക്കൂര്‍ നീണ്ട യോഗത്തില്‍ ശശികലയോടുള്ള കൂറ് എം.എല്‍.എമാര്‍ വ്യക്തമാക്കിയതായി പുതിയ പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യന്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് തടയാന്‍ ശശികല പക്ഷം പഴുതടച്ച സുരക്ഷയാണ് റിസോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയത്. ഇവിടെ വാര്‍ത്ത ശേഖരിക്കാനത്തെിയ മാധ്യമപ്രവര്‍ത്തകരെ രണ്ട് കിലോമീറ്റര്‍ അകലെ തടഞ്ഞ് കല്ളേറുണ്ടായി. റിസോര്‍ട്ടിന് പുറത്ത് ശശികലക്ക് നേരെ നാട്ടുകാര്‍ ഒ.പി.എസ് അനുകൂല മുദ്രാവാക്യം വിളിച്ചു. മദ്രാസ് ഹൈകോടതി  ഇടപെടലിനെതുടര്‍ന്ന് പൊലീസും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ 120 എം.എല്‍.എമാരെ മഹാബലിപുരത്തെ കൂവത്തൂര്‍ ഗോള്‍ഡന്‍ ബെ റിസോര്‍ട്ടില്‍ കണ്ടത്തെി. 
 

തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് ഇവിടെ കഴിയുന്നതെന്ന് എം.എല്‍.എമാര്‍ എഴുതി നല്‍കി.  എം.എല്‍.എമാര്‍ തടവിലല്ളെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഡി.എം.കെ സഖ്യത്തിലുള്ള മുസ്ലിംലീഗ് എം.എല്‍.എ മുഹമ്മദ് അബൂബക്കര്‍ പന്നീര്‍സെല്‍വത്തിന്പിന്തുണ പ്രഖ്യാപിച്ചതായ വാര്‍ത്തകള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍ നിഷേധിച്ചു. എം.കെ. സ്റ്റാലിന്‍െറ തീരുമാനത്തിനൊപ്പമാണ് തങ്ങളെന്ന് പറഞ്ഞ അദ്ദേഹം മുസ്ലിംലീഗിന് ഒരു ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടിയുമായും ശത്രുത ഇല്ളെന്നും വ്യക്തമാക്കി.  തമിഴ്നാട് നിയമസഭയില്‍ അണ്ണാ ഡി.എം.കെക്ക് 135 അംഗങ്ങളാണുള്ളത്. പന്നീര്‍സെല്‍വം പക്ഷത്ത് അദ്ദേഹമുള്‍പ്പെടെ ഏഴുപേരും ശശികലക്ക് സ്പീക്കര്‍ ഉള്‍പ്പെടെ 128 പേരുടെയും പിന്തുണയുണ്ട്. 234 അംഗ നിയമസഭയില്‍ ജയലളിതയുടെ മരണത്തിലൂടെ ഒരംഗത്തിന്‍െറ കുറവിനെതുടര്‍ന്ന് കേവല ഭൂരിപക്ഷത്തിന് 117 വേണം. പ്രതിപക്ഷമായ ഡി.എം.കെ (89), കോണ്‍ഗ്രസ് (8), മുസ്ലിംലീഗ് (1) സഖ്യത്തിന് -98. ഡി.എം.കെ സഖ്യത്തിന്‍െറ പിന്തുണ ലഭിക്കുകയും  ശശികലയില്‍നിന്ന് 12 അംഗങ്ങളെക്കൂടി അടര്‍ത്തിയെടുക്കുകയും ചെയ്താല്‍ പന്നീര്‍സെല്‍വത്തിന് സഭയില്‍ വിശ്വാസവോട്ട് നേടാം.
Tags:    
News Summary - sasikala vs panneerselvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.