മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് ചുണ്ടിനും കപ്പിനും ഇടയില്‍

ചെന്നൈ: സിനിമയെ വെല്ലുന്ന നാടകീയ ജീവിതം; ഒറ്റവാക്കില്‍ ശശികലയെ ഇങ്ങനെ നിര്‍വചിക്കാം. പോയസ് ഗാര്‍ഡനിലെ അടുക്കളയില്‍നിന്ന് പാര്‍ട്ടി നേതൃസ്ഥാനത്തിലൂടെ അരങ്ങത്തത്തെിയ ശശികല കോടതി വിധിയോടെ വീണ്ടും ജയിലിലേക്ക്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായി മൂന്നു പതിറ്റാണ്ട് ജീവിച്ച ശശികല നടരാജന് മുഖ്യമന്ത്രി പദവി നഷ്ടപ്പെടുന്നത് കപ്പിനും ചുണ്ടിനുമിടയില്‍. കുടുംബമായ മന്നാര്‍ഗുഡി സംഘത്തിന്‍െറ തിരക്കഥക്കൊത്ത് ചിട്ടപ്പെടുത്തിയ സ്വപ്നസൗധമാണ് തകര്‍ന്നടിഞ്ഞത്. ജയലളിതയുടെ മരണത്തെതുടര്‍ന്ന് മുഖ്യമന്ത്രിയായ പന്നീര്‍സെല്‍വത്തെ രണ്ടുമാസംകൂടി കഴിഞ്ഞാല്‍ പിടിച്ചുനിര്‍ത്താനാകില്ളെന്ന ‘വിദഗ്ധ’ ഉപദേശമാണ് ഭരണം പിടിച്ചെടുക്കുന്നതിലേക്ക് അവരെ എത്തിച്ചത്.

തമിഴ്നാട്ടിലെ തിരുത്തുറൈപോണ്ടിയില്‍ തേവര്‍ സമുദായത്തിലെ കള്ളാര്‍ ജാതി കുടുംബത്തില്‍ 1957 ഏപ്രില്‍ ഒന്നിനായിരുന്നു ശശികലയുടെ ജനനം. പിന്നീട് തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിയിലേക്ക് താമസം മാറി. നാലു സഹോദരങ്ങളും ഒരു സഹോദരിയുമടങ്ങുന്ന കുടുംബം. പ്രാഥമിക വിദ്യാഭ്യാസം മാത്രം. തമിഴ്നാട് സര്‍ക്കാറില്‍ പബ്ളിക് റിലേഷന്‍സ് ഓഫിസറായിരുന്ന എം. നടരാജന്‍ വിവാഹം കഴിച്ചതോടെയാണ് ജീവിതത്തിന്‍െറ ഗതിമാറിയത്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ജോലി നഷ്ടമായി. 1980ന്‍െറ മധ്യത്തില്‍ ജോലിയില്‍ തിരികെയത്തെി.

അക്കാലത്താണ് കുടുംബത്തെ സഹായിക്കാന്‍ ശശികല  വിഡിയോ കട തുടങ്ങിയത്. കല്യാണങ്ങളുടെയും ബിസിനസ് ചടങ്ങുകളുടെയും വിഡിയോ എടുത്തുനടക്കുന്ന കാലം. എ.ഐ.എ.ഡി.എം.കെ പ്രചാരണവിഭാഗത്തിന്‍െറ ചുമതല മുഖ്യമന്ത്രി എം.ജി.ആര്‍ ഏല്‍പിച്ചിരുന്നത് ജയലളിതയെയായിരുന്നു. നടരാജന്‍െറ അപേക്ഷപ്രകാരം ആര്‍ക്കോട്ട് കലക്ടര്‍ വി.എസ്. ചന്ദ്രലേഖ ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തി. പാര്‍ട്ടി ചടങ്ങ് വിഡിയോയില്‍ പകര്‍ത്തി തുടങ്ങിയ ആ ബന്ധം ജയലളിതയുടെ വിശ്വസ്തയായി അവരെ മാറ്റി.

മറ്റുള്ളവര്‍ക്ക് മുന്നില്‍ അടഞ്ഞുകിടഞ്ഞ പോയസ് ഗാര്‍ഡന്‍െറ കവാടം സമയഭേദമില്ലാതെ ശശികലക്ക് മുന്നില്‍ തുറന്നുകിടന്നു. എം.ജി.ആറിനുശേഷം ജനം ജയയെ ‘അമ്മ’യായി വാഴിച്ചപ്പോള്‍ തോഴിയെ ആദരപൂര്‍വം അവര്‍ ‘ചിന്നമ്മ’ എന്നു വിളിച്ചു. ആ ബന്ധം അസാധാരണമായി വളര്‍ന്നു. 1991ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിചയമില്ലാതിരുന്ന ജയലളിതക്ക് ശശികലയിലൂടെ ഉപദേശം നല്‍കിയത് തന്ത്രങ്ങളില്‍ അഗ്രഗണ്യനായിരുന്ന ഭര്‍ത്താവ് നടരാജനായിരുന്നു. പിന്നീട്  ജയലളിതയിലേക്കുള്ള തൂക്കുപാലമായി ശശികല മാറി. അധികാരകേന്ദ്രമായി ശശികലയും നടരാജനും മാറിയതോടെ മന്നാര്‍ഗുഡി മാഫിയ എന്ന പേരില്‍ ഇവരറിയപ്പെട്ടു. ശശികലയുടെ അനന്തരവന്‍ സുധാകരനെ ജയ തന്‍െറ വളര്‍ത്തുപുത്രനായി പ്രഖ്യാപിക്കുന്നിടത്തേക്കുവരെ ആ ബന്ധം ദൃഢമായി. പാര്‍ട്ടി ചിഹ്നമായ രണ്ടിലകളില്‍ ഒന്ന് അമ്മയും മറ്റൊന്ന് ചിന്നമ്മയുമാണെന്നുവരെ അനുയായികള്‍ വിശേഷിപ്പിച്ചു.ഇതോടെ രാഷ്ട്രീയം അഴിമതിയില്‍ മുങ്ങി. 1996ല്‍ അധികാരം നഷ്ടപ്പെട്ട ജയലളിതയും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു. അതിനു കാരണം ശശികലയാണെന്ന് അനുയായികള്‍ ആരോപിച്ചപ്പോള്‍ തോഴിയെയും ഭര്‍ത്താവിനെയും ജയ പോയസ് ഗാര്‍ഡനില്‍നിന്ന് പുറത്താക്കി. സുധാകരന്‍ വളര്‍ത്തുപുത്രനല്ളെന്നുവരെ ജയ പ്രഖ്യാപിച്ചു. മാപ്പു പറഞ്ഞ് തിരികെയത്തെിയ തോഴിയെ ജയ സ്വീകരിച്ചെങ്കിലും 2011ല്‍ വീണ്ടും പുറത്താക്കി. പക്ഷേ, രണ്ടു മാസത്തിനുശേഷം ചിന്നമ്മ പോയസ് ഗാര്‍ഡനില്‍ തിരികെയത്തെി.

രണ്ടുതവണ പുറത്താക്കിയപ്പോഴും ജയലളിതക്കെതിരെ ശശികല ഒരക്ഷരം മിണ്ടിയില്ല. രഹസ്യങ്ങളുടെ കൊട്ടാരമായിരുന്നിട്ടും അവരുടെ നാവില്‍നിന്ന് എതിരായി ഒന്നും പുറത്തുവന്നില്ല. ആ വിശ്വാസ്യതയായിരുന്നു വീണ്ടും ചിന്നമ്മയെ ജയയിലേക്കടുപ്പിച്ചത്. അപ്പോഴും നടരാജനെ ജയ അകറ്റിനിര്‍ത്തി. അനധികൃത സമ്പാദ്യത്തെക്കുറിച്ച് പുറത്തുപറയുമെന്ന പേടിയാണ് ശശികലയെ തിരിച്ചെടുക്കാന്‍ കാരണമെന്ന് നടരാജന്‍ ടി.വി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ജയയുടെ മരണശേഷം പാര്‍ട്ടി ഭരണഘടന തിരുത്തിയാണ് ശശികല പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായത്. ഇടക്കാല മുഖ്യമന്ത്രിയായ പന്നീര്‍സെല്‍വത്തെ തെറിപ്പിച്ച് ആ കസേരയും കൈയിലൊതുക്കാനുള്ള ശ്രമമാണ് പരമോന്നത കോടതി വിധിയിലൂടെ തകര്‍ന്നത്.

Tags:    
News Summary - Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.