ശശികലയുടെ ഭാവി തീരുമാനിക്കുന്ന വിധി

ചെന്നൈ: ഇന്ന് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന അനധികൃത സ്വത്ത് സമ്പാദന കേസിലെ വിധി അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായ ശശികലാ നടരാജന്‍െറ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതായിരിക്കും. വിധി അനൂകൂലമായാല്‍ ശശികല തമിഴ്നാട് രാഷ്ട്രീയത്തില്‍ തന്‍റെ വേരുറപ്പിക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾത്തന്നെ ഭൂരിപക്ഷം എം.എൽ.എമാരുടേയും പിന്തുണയുള്ള ശശികലയെ വൈകാതെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർക്ക് ക്ഷണിക്കേണ്ടിവരും. എന്നാൽ വിധി പ്രതികൂലമായാൽ ഒ.പന്നീർസെൽവത്തിന് മുഖ്യമന്ത്രിയാകാനുള്ള സാദ്യതയാകും തെളിയുക.

മറ്റ് ചില ആദായനികുതി കേസുകളുണ്ടെങ്കിലും രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചചെയ്യപ്പെട്ട 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസ് അണ്ണാ ഡി.എം.കെ എന്ന വ്യക്തി അധിഷ്ഠിത പാര്‍ട്ടിയുടെ ഭാവിയെ കൂടി ബാധിക്കുന്നതായിരിക്കും. പ്രത്യേകിച്ച് പാര്‍ട്ടി അണികളുടെ പിന്തുണയില്ലാതെ ശശികലാ നേതൃസ്ഥാനത്തേക്ക് എത്തിയ സാഹചര്യത്തില്‍.  വിധി എന്തായാലും രാഷ്ട്രീയമായി നേരിടാനാണ് അണ്ണാ ഡി.എം.കെയുടെ തീരുമാനമെന്ന് ഈ നീക്കങ്ങള്‍ വ്യക്തമാക്കുന്നു.

മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിത ഉള്‍പ്പെട്ട കേസില്‍ ശശികല, ശശികലയുടെ സഹോദര ഭാര്യ ഇളവരശി, ശശികലയുടെ സഹോദര പുത്രനും ജയയുടെ വളര്‍ത്തുമകനുമായ വി.എന്‍ സുധാകരന്‍ എന്നിവരും പ്രതികളാണ്. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991നും 96നും ഇടയില്‍ അനധികൃതമായി 66.65 കോടിയുടെ സ്വത്തുസമ്പാദിച്ചു എന്നായിരുന്നു കേസ്. ബി.ജെ.പി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിയുമായി ആദ്യം കോടതിലെത്തുന്നത്. 2014ല്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി മൈക്കല്‍ ഡികൂഞ്ഞ ജയലളിതക്ക് നാലുവര്‍ഷം തടവിനും 100 കോടി രൂപ പിഴയടക്കാനും വിധിച്ചു.

ശശികല ഉള്‍പ്പെടെ മറ്റ് പ്രതികള്‍ക്ക് തടവിന് പുറമെ പത്ത്കോടി രൂപാ പിഴ ശിക്ഷിച്ചു. ഇതിനെതിരായ ജയലളിതയുടെ അപ്പീലിന്‍ 2015 മെയില്‍ കര്‍ണാടക ഹൈകോടതി  ജഡ്ജി സി.ആര്‍ കുമാരസ്വാമി കീഴ്ക്കോടതി വിധി റദ്ദാക്കി പ്രതികളെ വെറുതെവിട്ടു. ഹൈകോടതിയുടെ കണ്ടെത്തലുകള്‍ നിശിതമായി വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പ്രതികളുടെ സ്വത്ത് കണക്കാക്കുന്നതില്‍ ജഡ്ജിക്ക് പറ്റിയ പാകപ്പിഴകന്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ 2016 ജൂണ്‍ ഏഴിന് സുപ്രീംകോടതിയില്‍ വിചാരണ കഴിഞ്ഞെങ്കിലും വിധി പറയുന്നത് അനിശ്ചിതമായി നീളുകയായിരുന്നു.

മുഖ്യപ്രതിയായ ജയലളിത മരണമടഞ്ഞതോടെ കേസ് വീണ്ടും പുനപരിശോധനാക്കായി മാറ്റിവെക്കുമെന്നാണ് അണ്ണാ ഡി.എം.കെയുടെ പ്രതീക്ഷ. കേസ് കേട്ട ഡിവിഷന്‍ ബെഞ്ച്  ജഡ്ജിമാരായ പി.സി ഘോഷ്, അമിതാവ് റോയി എന്നിവര്‍ വ്യത്യസ്ത തീരുമാനങ്ങളെടുത്താലും ശശികലക്ക് അത് ആശ്വാസം നല്‍കുന്നതാകും. എന്നാല്‍ കേസിന്‍െറ തീര്‍പ്പ് തെളിവുകളുടെ അടിസ്ഥാനത്തിലായതിനാല്‍ മുഖ്യപ്രതിയുടെ അസാന്നിധ്യം തടസമല്ലെന്ന് ഒരു വിഭാഗം നിയമവിദഗ്ധരുടെ അഭിപ്രായം. ആദായനികുതി കേസിന്‍െറ തീര്‍പ്പിനു പുറമെ മറ്റ് ചില ആദായനികുതി കേസുകളിലും സംസ്ഥാന ഭരണത്തിന്‍െറ ചുക്കാന്‍ പിടിക്കുന്ന ശശികലയും ഭര്‍ത്താവ് എം. നടരാജനും അടുത്ത ബന്ധുക്കളായ ടി.ടി.വി ദിനകരന്‍, ദിവാകരന്‍ എന്നിവരും പ്രതികളാണ്.  

കഴിഞ്ഞ ആഴ്ച നികുതിവെട്ടിപ്പു കേസുകളില്‍ ശശികലയെ മദ്രാസ് ഹൈകോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം മുമ്പ് ആഡംബരം  കാറുകള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തകേസില്‍ നടരാജന്‍ സി.ബി.ഐയുടെയും ആദായനികുതി എന്‍ഫോഴസ്മെന്‍റിനെയും പരാതികളില്‍ വിചാരണ നടന്നു വരുന്നു. മുന്‍ എം.പി കൂടിയായ ടി.ടി.വി ദിനകരന്‍ 28 കോടിയുടെ വിദേശ വിനിമയ സാമ്പത്തിക തിരിമറി കേസില്‍ മദ്രാസ് ഹൈകോടതിയില്‍ വിചാരണ നേരിടുന്നുണ്ട്. കേസുകളെയെല്ലാം മുഖ്യമന്ത്രിയെന്ന അധികാരത്തിന്‍െറ പിന്‍ബലത്തില്‍ ധീരമായി നേരിടാമെന്നാണ് ശശികലയുടെയും പാര്‍ട്ടിയുടെയും കണക്കൂകൂട്ടല്‍.
--------------

 

Tags:    
News Summary - Sasikala's verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.