ഏകാധിപതി എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു; ഞാൻ ഭയപ്പെടില്ല, തലകുനിക്കില്ല -സത്യപാൽ മലിക്

ന്യൂഡൽഹി: താൻ നൽകിയ അഴിമതി കേസ് പരാതിയിൽ ത​ന്റെ വീട്ടിൽ തന്നെ സി.ബി.ഐയെ കൊണ്ട് റെയ്ഡ് നടത്തിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജമ്മുകശ്മീർ ഗവർണർ സത്യപാൽ മലിക്. സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് ‘ഏകാധിപതി’ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ കർഷകന്റെ മകനായ ഞാൻ ഭയപ്പെടുകയോ തലകുനിക്കുകയോ ഇല്ലെന്നും അദ്ദേഹം എക്സിൽ വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സത്യപാൽ മലികിന്റെ കെട്ടിടത്തിൽ ഉൾപ്പടെ 30 സ്ഥലങ്ങളിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ‘അഴിമതിക്കാരെക്കുറിച്ച് ഞാൻ നൽകിയ പരാതിയിൽ പറഞ്ഞവരുടെ സ്ഥലങ്ങളിൽ അന്വേഷിക്കുന്നതിന് പകരം സിബിഐ എന്റെ വസതി റെയ്ഡ് ചെയ്തു. നാലഞ്ച് കുർത്തയും പൈജാമയുമല്ലാതെ മറ്റൊന്നും എ​ന്റെ വീട്ടിൽനിന്ന് കിട്ടില്ല. സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് ഏകാധിപതി എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞാൻ ഒരു കർഷകന്റെ മകനാണ്. ഞാൻ ഭയപ്പെടുകയോ തലകുനിക്കുകയോ ഇല്ല’ -എന്നാണ് സത്യപാൽ മലിക് ഇതിനോട് പ്രതികരിച്ചത്.

ബി.ജെ.പി നേതാവായിരുന്ന ഇദ്ദേഹം നിലവിൽ ബി.ജെ.പിയുടെയും മോദിയുടെയും കടുത്ത വിമർശകനാണ്. ക​ർ​ഷ​ക​സ​മ​രം, ഗു​സ്തി​താ​ര​ങ്ങ​ളു​ടെ സ​മ​രം അ​ട​ക്ക​മു​ള്ള​വ​യി​ൽ സ​ജീ​വ​മാ​യിരുന്നു. താൻ ജമ്മുകശ്മീർ ഗവർണറായിരിക്കെ നടന്ന പുൽവാമ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ച കാരണമാണെന്ന് ഇദ്ദേഹം തുറന്നടിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ‘പുറത്തുപറയരുത്’ എന്നായിരുന്നു നിർദേശമെന്ന് ദ വയറിന് വേണ്ടി കരൺ ഥാപറിന് നൽകിയ അഭിമുഖത്തിൽ മലിക് വെളിപ്പെടുത്തിയിരുന്നു.

സുരക്ഷ പാളിച്ചയെക്കുറിച്ച് ദേശീയ സുരക്ഷ ഉപദേശകൻ അജിത് ഡോവലും ഉപദേശിച്ചതായും മുൻ ബി.ജെ.പി നേതാവായ മലിക് പറഞ്ഞു. ‘സംഭവം നടന്ന ദിവസം വൈകീട്ട് ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തിൽ ഫോട്ടോ ഷൂട്ടിലായിരുന്ന മോദിയുമായി ഞാൻ സംസാരിച്ചിരുന്നു. നമ്മുടെ വീഴ്ചയാണ് ഭീകരാക്രമണത്തിന് കാരണമായതെന്നും ജവാന്മാരെ വിമാനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നെന്നും മോദിയോട് ഫോണിൽ പറഞ്ഞു. ഇക്കാര്യം ഇപ്പോൾ മിണ്ടരുതെന്നായിരുന്നു മോദിയുടെ നിർദേശം. മിണ്ടാതിരിക്കണമെന്ന് തന്റെ സഹപാഠി കൂടിയായ അജിത് ഡോവലും പറഞ്ഞു. കുറ്റം മുഴുവൻ പാകിസ്‍താനെതിരെയാകുമെന്ന് മനസ്സിലാക്കിയ ഞാൻ നിശ്ശബ്ദത പാലിച്ചു’ -സത്യപാൽ മലിക് വെളിപ്പെടുത്തി.

ആയിരത്തോളം ജവാന്മാരെ റോഡിലൂടെ വാഹനവ്യൂഹത്തിൽ കൊണ്ടുപോകുന്നതിന് പകരം സി.ആർ.പി.എഫ് അധികൃതർ വിമാനം ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യം തള്ളിയെന്നും മലിക് പറയുന്നു. അഞ്ചു വിമാനങ്ങളാണ് ആവശ്യപ്പെട്ടത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ സൗകര്യമൊരുക്കിക്കൊടുക്കുമായിരുന്നെന്നും മലിക് അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രാലയവും സി.ആർ.പി.എഫും പുൽവാമ സംഭവത്തിൽ തികഞ്ഞ അശ്രദ്ധ കാണിച്ചെന്നും മലിക് ആരോപിച്ചു. സി.ആർ.പി.എഫ് വാഹനവ്യൂഹത്തിൽ ഇടിച്ചുകയറ്റാനായി പാകിസ്താനിൽനിന്നെത്തിയ കാർ 300 കിലോ ആർ.ഡി.എക്സുമായി 15 ദിവസത്തോളം കശ്മീരിൽ കറങ്ങിയത് സുരക്ഷാവീഴ്ചയുടെ പ്രധാന ഉദാഹരണമായി മുൻ ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.

2018 ആ​ഗ​സ്റ്റ് 23 മു​ത​ൽ 2019 ഒ​ക്ടോ​ബ​ർ 30 വ​രെ ജ​മ്മു-​ക​ശ്മീ​ർ ഗ​വ​ർ​ണ​റാ​യി​രു​ന്ന സ​ത്യ​പാ​ൽ മ​ലി​കി​ന്, ര​ണ്ടു ഫ​യ​ലു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​ൻ 300 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണത്തിലാണ് ഇപ്പോൾ സി.ബി.ഐ അന്വേഷണം നടത്തുന്നത്. ജ​മ്മു​വി​ലും ഡ​ൽ​ഹി​യി​ലു​മാ​യി എ​ട്ടോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​മാ​സം സി.​ബി.​ഐ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും 21 ല​ക്ഷം രൂ​പ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​മ്പ്യൂ​ട്ട​റു​ക​ൾ, വി​വി​ധ രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ര​ണ്ട് ഫ​യ​ലു​ക​ളി​ല്‍ നി​യ​മാ​നു​സൃ​ത​മാ​യ​ല്ലാ​തെ ഇ​ട​പെ​ടാ​ന്‍ ത​നി​ക്ക് 300 കോ​ടി വാ​ഗ്ദാ​നം ചെ​യ്ത കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് സ​ത്യ​പാ​ല്‍ മ​ലി​ക്ക് 2022ൽ ​പ​റ​ഞ്ഞി​രു​ന്നു. 

Tags:    
News Summary - Satya Pal Malik on CBI searches at his premises: ‘Dictator trying to scare me’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.