ബംഗളൂരു: ആർ.എസ്.എസ് ആചാര്യൻ വി.ഡി. സവർക്കറും പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്നയും നിരീശ്വരവാദികൾ ആയിരുന്നുവെന്നും ഇരുവരും രാജ്യത്തെ നശിപ്പിച്ചുവെന്നും കോൺഗ്രസ് നേതാവും നിയമനിർമാണ കൗൺസിലിലെ പ്രതിപക്ഷനേതാവുമായ ബി.കെ. ഹരിപ്രസാദ് പറഞ്ഞു.
സവർക്കറെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം കർണാടകയിൽ സജീവമായതിനിടയിലാണ് കോൺഗ്രസ് നേതാവിന്‍റെ പരാമർശം. സവർക്കറെ കുറിച്ച് പഠിക്കാത്തവരാണ് സവർക്കറെവെച്ച് രാഷ്ട്രീയം കളിക്കുന്നത്. സവർക്കറെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി കഴിഞ്ഞദിവസം ബി.ജെ.പി മൈസൂരുവിൽ സവർക്കർ രഥയാത്ര തുടങ്ങിയിരുന്നു. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായി യെദിയൂരപ്പയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.
സ്വാതന്ത്ര്യദിനത്തിൽ ഹിന്ദുത്വ സംഘടനകൾ ശിവമൊഗ്ഗയിലും ഉഡുപ്പിയിലും സവർക്കറുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ വിജയപുരയിലെ കോൺഗ്രസ് ഓഫിസിനു പുറത്ത് സവർക്കറുടെ ചിത്രങ്ങൾ ബി.ജെ.പി പ്രവർത്തകർ പതിച്ചു. സവർക്കർക്കെതിരെ പ്രതികരിച്ചതിന് സിദ്ധരാമയ്യയുടെ കാറിന് നേരെ കഴിഞ്ഞദിവസം കുടകിൽ സംഘ്പരിവാർ പ്രവർത്തകർ മുട്ടയെറിയുകയും ചെയ്തു. ഭീഷണി സന്ദേശങ്ങൾ വന്നതോടെ അദ്ദേഹത്തിന്‍റെ സുരക്ഷ വർധിപ്പിച്ചിരുന്നു.
അതിനിടെ ബെളഗാവിയിൽ ആഗസ്റ്റ് 31ന് നടക്കുന്ന ഗണേശോത്സവത്തിലെ പന്തലുകളിൽ 15,000 ഇടങ്ങളിൽ സവർക്കറുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിൽ മോചിതനാവുകയും സ്വാതന്ത്ര്യസമരത്തിൽ ഒരുനിലക്കും പങ്കെടുത്തിട്ടില്ലാത്തതുമായ സവർക്കറെ സ്വാതന്ത്ര്യസമരസേനാനിയാക്കി ചിത്രീകരിക്കുന്നതിനെയാണ് എതിർക്കുന്നതെന്നാണ് വിമർശകർ പറയുന്നത്.
വിഷയത്തിൽ കോൺഗ്രസിനെ ബി.ജെ.പി കടന്നാക്രമിക്കുന്ന സന്ദർഭത്തിലാണ് ജിന്നയെയും സവർക്കറെയും താരതമ്യംചെയ്തുള്ള ബി.കെ. ഹരിപ്രസാദിന്‍റെ വിമർശനം വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.