കുട്ടികളിലെ മയക്കുമരുന്ന് ആസക്തിക്കെതിരെ  കര്‍മപദ്ധതി തയാറാക്കണം –സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉല്‍പന്നങ്ങള്‍ക്കും അടിപ്പെട്ട കുട്ടികള്‍ക്കായി ആറു മാസത്തിനകം കര്‍മപദ്ധതിയുണ്ടാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇത്തരം കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നതിനും കൗണ്‍സലിങ്ങിനും പുനരധിവാസത്തിനുമുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാകണം കര്‍മപദ്ധതിയെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ സര്‍ക്കാറേതര സന്നദ്ധ സംഘടനയായ ബച്പന്‍ ബചാവോ ആന്ദോളന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതി ബെഞ്ചിന്‍െറ ഉത്തരവ്.കര്‍മപദ്ധതി തയാറാക്കുന്നതിന്‍െറ മുന്നോടിയായി കുട്ടികള്‍ക്കിടയില്‍ മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും പുകയില ഉല്‍പന്നങ്ങളുടെയും വ്യാപ്തി മനസ്സിലാക്കുന്നതിന് നാലു മാസത്തിനകം ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വേ നടത്തണം.

ആറു മാസത്തിനകം കുട്ടികള്‍ക്കു മാത്രമായി ഓരോ ജില്ലയിലും ലഹരിമുക്ത കേന്ദ്രങ്ങള്‍ തുറക്കണം. സ്കൂള്‍ പാഠ്യപദ്ധതിയില്‍ മദ്യത്തിനും മയക്കുമരുന്നിനും മറ്റുമെതിരായ ബോധവത്കരണം ഉള്‍പ്പെടുത്തണം. വിദ്യാലയങ്ങളിലും ബാല സംരക്ഷണ കേന്ദ്രങ്ങളിലും മദ്യവും മയക്കുമരുന്നും വില്‍പന നടത്തുന്നവര്‍ക്കെതിരെ പൊലീസ് സ്വീകരിക്കേണ്ട നടപടിക്രമം സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവുമൊടുവില്‍ നടത്തിയ സര്‍വേ അനുസരിച്ച് 15നും 19നുമിടയിലുള്ള ആണ്‍കുട്ടികളില്‍ 28.26 ശതമാനം പുകയിലക്കും 15 ശതമാനം മദ്യത്തിനും അടിപ്പെട്ടവരാണെന്ന് ബച്പന്‍ ബചാവോ ആന്ദോളന്‍ ചുണ്ടിക്കാട്ടി. ഇതേ പ്രായപരിധിയിലുള്ള പെണ്‍കുട്ടികള്‍ അഞ്ചു ശതമാനം പുകയിലക്കും നാലു ശതമാനം മദ്യത്തിനും അടിപ്പെട്ടവരാണ്. കുട്ടികള്‍ക്ക് മെച്ചപ്പെട്ടതും ആരോഗ്യപൂര്‍ണവുമായ കുട്ടിക്കാലം ഉറപ്പുവരുത്താനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കൈലാഷ് സത്യാര്‍ഥി പറഞ്ഞു.  മനുഷ്യക്കടത്തും മയക്കുമരുന്നും പരസ്പരം ബന്ധിതമാണെന്നും ലോകത്തെ സംഘടിത കുറ്റകൃത്യത്തിന്‍െറ ഏറ്റവും മോശമായ രൂപമാണെന്നും അദ്ദേഹം തുടര്‍ന്നു.
 
Tags:    
News Summary - SC Asks Centre to Curb Rising Drug, Alcohol Abuse in Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.