തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടികൾ സൗജന്യങ്ങൾ നൽകുന്നത് നിർത്തലാക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിർദേശം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ നൽകുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിർദ്ദേശം. വിഷയത്തിൽ ആഗസ്റ്റ് മൂന്നിന് സുപ്രീംകോടതി കൂടുതൽ വാദം കേൾക്കും. വിഷയം ഗൗരവകരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പിനുമുൻപ് ശരിയായ രീതിയിലല്ലാത്ത സൗജന്യങ്ങൾ നൽകുന്ന രാഷ്ട്രീയപാർട്ടികളുടെ ചിഹ്നങ്ങൾ കണ്ടുകെട്ടുകയോ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വനി ഉപാദ്ധ്യായ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

സൗജന്യങ്ങളും തെരഞ്ഞടുപ്പ് വാഗ്ദാനങ്ങളും സംബന്ധിച്ച നിയമങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാൽ അത് നിരോധിച്ചുകൊണ്ടുള്ള നിയമങ്ങൾ കേന്ദ്രം കൊണ്ടുവരേണ്ടിവരുമെന്നും ഇലക്ഷൻ കമീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.

നേരത്തെ ജനുവരി 25ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ശരിയായ രീതിയിലല്ലാത്ത സൗജന്യങ്ങൾ നൽകുന്ന രാഷ്ട്രീയപാർട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് അ‍യച്ചിരുന്നു.

Tags:    
News Summary - SC asks Centre to find solution to promise of freebies by political parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.