ന്യൂഡൽഹി: മണിപ്പൂരിൽനിന്ന് എല്ലാ ഉറവിടങ്ങളിൽനിന്നും പിടിച്ചെടുത്ത ആയുധങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ സുപ്രീംകോടതി ബീരേൻ സിങ് സർക്കാറിന് നിർദേശം നൽകി. അതിനിടെ മണിപ്പൂർ കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തങ്ങൾക്കെതിരായ പരാമർശങ്ങളെ അഭിഭാഷകർ അപലപിച്ചു. സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരുടെ സമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷക മീനാക്ഷി അറോറ, മെയ്തേയി കൃസ്ത്യൻ ചർച്ചസ് കൗൺസിലിന് വേണ്ടി ഹാജരായ ഹുസേഫ അഹ്മദി എന്നിവരാണ് തങ്ങൾക്കെതിരെ മണിപ്പൂർ സർക്കാറിന്റെ സത്യവാങ്മൂലത്തിലുള്ള പരാമർശങ്ങൾ ചോദ്യം ചെയ്തത്. സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകരെപ്പോലും മണിപ്പൂർ സർക്കാർ വെറുതെവിടുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.
ജസ്റ്റിസ് ഗീത മിത്തൽ കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യവും മലേറിയ, ചികുൻ ഗുനിയ തുടങ്ങിയ സാംക്രമിക രോഗങ്ങളുടെയും ഭീഷണിയുള്ളത് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇത് തെറ്റാണെന്ന് മണിപ്പൂർ സർക്കാർ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ഇത് ചോദ്യം ചെയ്ത മീനാക്ഷി അറോറ ഇത്തരമൊരു സാഹചര്യത്തിൽ താൻ ജസ്റ്റിസ് മിത്തൽ കമ്മിറ്റിക്ക് വേണ്ടി ഹാജരാകുന്നതിൽനിന്ന് പിന്മാറുകയാണെന്ന് പറഞ്ഞു. എന്നാൽ, അഭിഭാഷക കോടതിയുടെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്നും അവരെ കുറിച്ച പരാമർശങ്ങൾ വേണ്ടെന്നും ചീഫ് ജസ്റ്റിസ് മണിപ്പൂർ സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു.
മണിപ്പൂർ സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലം അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് അഭിഭാഷകൻ ഹുസേഫ അഹ്മദി ബോധിപ്പിച്ചു. തകർക്കപ്പെട്ട ചർച്ചുകളുടെ മാത്രം പ്രശ്നമാണ് താൻ ഉന്നയിച്ചതെന്ന് മണിപ്പൂർ സർക്കാർ പറയുന്നു. തകർക്കപ്പെട്ട എല്ലാ ആരാധനാലയങ്ങളും പൂർവസ്ഥിതിയിലാക്കണമെന്നുതന്നെയാണ് താനും വാദിച്ചത്. ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ തകർത്തത് ചോദ്യം ചെയ്യാനാവില്ലേ എന്നും അത്തരമൊരു വാദത്തിന്റെ നിയമസാധുത എന്താണെന്നും ഹുസേഫ ചോദിച്ചു. സർക്കാർ ആയുധപ്പുരകൾ കൊള്ളയടിച്ച് കവർന്ന ആയുധങ്ങൾ മണിപ്പൂരിലെ വംശീയ കലാപത്തിൽ ഉപയോഗിക്കുന്നുവെന്ന് ഹരജിക്കാർ ബോധിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പിടിച്ചെടുത്ത ആയുധങ്ങളുടെ വിശദാംശം സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.