ന്യൂഡൽഹി: ക്രിമിനൽ കേസിൽ നിന്ന് കുറ്റമുക്തനാക്കപ്പെട്ട വ്യക്തിക്കെതിരെ തൊഴിലുടമ അച്ചടക്ക നടപടി തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീം കോടതി.
ക്രിമിനൽ വിചാരണക്കുള്ള തെളിവുകൾ സംബന്ധിച്ച നിയമങ്ങൾ അച്ചടക്കവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് വ്യത്യസ്തമാണെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
കർണാടകയിൽ സർക്കാർ ജീവനക്കാരന് അഴിമതിക്കേസിൽ പങ്കുണ്ടെന്ന് വ്യക്തമായ ശേഷം നിർബന്ധിത വിരമിക്കൽ നിർദേശിച്ച ഉപലോകായുക്ത വിധിക്കെതിരെ കുറ്റാരോപിതനായ ആൾ കർണാടക അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് ഇയാൾ കർണാടക ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു.
അഴിമതിക്കേസിൽ തന്നെ 2013ൽ പ്രത്യേക കോടതി കുറ്റമുക്തനാക്കിയതിനാൽ മറ്റ് അച്ചടക്ക നടപടികൾ നിലനിൽക്കില്ലെന്നായിരുന്നു കുറ്റാരോപിതന്റെ വാദം. വിഷയം പിന്നീട് ഹൈകോടതിയിലെത്തി. ഹൈകോടതി 2017ലെ ട്രൈബ്യൂണൽ വിധി റദ്ദാക്കുകയായിരുന്നു. ഇതിനെതിരായ അപ്പീൽ സുപ്രീം കോടതി അനുവദിച്ചു.
സേവന നിയമങ്ങളുമായി ബന്ധപ്പെട്ടാണ് തൊഴിലിടത്തിലെ അന്വേഷണമെന്ന് കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.