ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ നരോദ ഗാമിൽ 11 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ നാലു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. രണ്ടു മാസത്തിനകം വിചാരണ പൂർത്തിയാക്കി അടുത്ത രണ്ടു മാസംകൊണ്ട് വിധി പറയണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്, കേസ് അന്വേഷിക്കുന്ന ഗുജറാത്തിലെ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടു. സംഭവം നടന്ന് 15 വർഷം പൂർത്തിയായ കേസിൽ എല്ലാ ദിവസവും മൊഴിയെടുക്കൽ തുടരണമെന്നും പരമാവധി വേഗത്തിൽ തീർപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കേസിൽ ഇപ്പോഴും വിചാരണ പുരോഗമിക്കുകയാണെന്ന് നേരത്തെ പ്രത്യേക കോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന ഗുജറാത്ത് കലാപത്തിലെ ഒമ്പതു കേസുകളിൽ രണ്ടെണ്ണം ഇപ്പോഴും പ്രത്യേക കോടതിയുടെ പരിഗണനയിലാണ്. ഒരു കേസിൽ 60 പേരെ വിചാരണ ചെയ്തതിൽ 24 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവശേഷിച്ച 36 പേരെ കുറ്റമുക്തരാക്കി. ഇൗ സാഹചര്യത്തിലാണ് എല്ലാ കേസുകളും അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കാൻ നിർദേശം. ഗോധ്ര ട്രെയിൻ കത്തിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെയാണ് നരോദ ഗാമിൽ ന്യൂനപക്ഷാംഗങ്ങളായ 11 പേർ കൊലചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.