ബലാത്സംഗം അതിജീവിച്ച 14കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ബലാത്സംഗം അതിജീവിച്ച 14 വയസുള്ള പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതിയുടെ അനുമതി. പെൺകുട്ടിയുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് ആവശ്യമായ നടപടിയെടുക്കാൻ കോടതി മുംബൈയിലെ ലോക്മാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളജ് ആൻ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് നിർദേശം നൽകി.

ഭരണഘടനയുടെ 142ാം അനുച്ഛേദം അനുസരിച്ച് കോടതികൾക്ക് ഏതു കേസിലും സമ്പൂർണ നീതി നടപ്പാക്കുന്നത് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമുണ്ട്. ഇതനുസരിച്ചാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

നേരത്തേ ഗർഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ പിതാവ് സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതി ഏപ്രിൽ 19ന് ഉത്തരവിട്ടിരുന്നു. ഗർഭഛിദ്രം നടത്താനായി പെൺകുട്ടിയുടെ ശാരീരിക-മാനസിക അവസ്ഥയെങ്ങനെയാണെന്ന് സുപ്രീംകോടതി ആശുപത്രി അധികൃതരോട് വിവരം തേടി.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എം.ടി.പി) നിയമപ്രകാരം വിവാഹിതരായ സ്ത്രീകൾക്കും ബലാത്സംഗത്തെ അതിജീവിച്ചവർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങളിലുള്ളവർക്കും ഭിന്നശേഷിയുള്ളവരും പ്രായപൂർത്തിയാകാത്തവരും പോലുള്ള മറ്റ് ദുർബലരായ സ്ത്രീകൾക്കും ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ഉയർന്ന പരിധി 24 ആഴ്ചയാണ്.

Tags:    
News Summary - SC permits minor rape survivor to undergo medical termination of 30 week pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.