ഹൈദരാബാദ്: തെലങ്കാനയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പുലർച്ചെ മുലുഗു ജില്ലയിലെ ചൽപാക വനമേഖലയിൽ തെലങ്കാന പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെയാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എ.കെ 47, ജി 3, ഇൻസാസ് റൈഫിളുകളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു.
പുലർച്ചെ 5.30 ഓടെ മാവോയിസ്റ്റ് വിരുദ്ധ സേന മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടിയതായി പൊലീസ് പറഞ്ഞു. സി.പി.ഐ (മാവോയിസ്റ്റ്) തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗവും യെല്ലണ്ടു-നർസാംപേട്ട് ഏരിയാ കമ്മിറ്റി കമാൻഡറുമായ ഭദ്രു എന്ന കുർസം മംഗു (35), എഗോലപ്പു മല്ലയ്യ (43), മുസക്കി ദേവൽ (22), മുസക്കി ജമുന (23), ജയ് സിങ് (25), കിഷോർ (22), കാമേഷ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.
മേഖലയിൽ മാവോയിസ്റ്റ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ശബരി സ്ഥിരീകരിച്ചു. ആദിവാസികളായ ഉയ്ക രമേഷ്, ഉയ്ക അർജുൻ എന്നിവരെ പോലീസിന് വിവരം നൽകുന്നവരെന്ന് സംശയിച്ച് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് ഏറ്റുമുട്ടൽ. മേഖലയിൽ തിരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.