വിധവക്ക് മേക്കപ്പ് ആവശ്യമില്ലെന്ന ഹൈകോടതി പരാമർശത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: വിധവക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പാട്ന ഹൈകോടതിയുടെ പരാമർശം അങ്ങേയറ്റം എതിർക്കപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി. ഒരു കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്ന നിഷ്പക്ഷതക്കും വകതിരിവിനും വിരുദ്ധമാണ് ഇത്തരം പരാമർശമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

1985ലെ ഒരു കൊലപാതകക്കേസിൽ പാട്ന ഹൈകോടതിയുടെ വിധിക്കെതിരായ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വീട് കൈവശപ്പെടുത്താനായി സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കേസിൽ ഹൈകോടതി അഞ്ച് പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

പിതാവിന്‍റെ വകയിലുള്ള വീട്ടിൽ താമസിക്കുകയായിരുന്ന സ്ത്രീയെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. സ്ത്രീ ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. വീട് പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥൻ ഇവിടെ സ്ത്രീകളുടെ മേക്കപ്പ് ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ഈ വീട്ടിൽ സ്ത്രീ താമസിച്ചതിന്‍റെ തെളിവുകളിലൊന്നായി സമർപ്പിക്കുകയും ചെയ്തു. ഈ വീടിന്‍റെ ഒരു ഭാഗത്ത് വിധവയായ മറ്റൊരു സ്ത്രീ താമസിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അതേസമയം, രണ്ടാമത്തെ സ്ത്രീ വിധവയായതിനാൽ അവർക്ക് അണിഞ്ഞൊരുങ്ങേണ്ടതിന്‍റെ ആവശ്യം ഇല്ലെന്നും അതിനാൽ മേക്കപ്പ് വസ്തുക്കൾ കൊല്ലപ്പെട്ട സ്ത്രീയുടേതായിരിക്കാമെന്നുമുള്ള നിഗമനത്തിലാണ് ഹൈകോടതി എത്തിയത്. ഈ നിരീക്ഷണമാണ് സുപ്രീംകോടതിയുടെ വിമർശനത്തിനിടയാക്കിയത്.

ഹൈകോടതിയുടെ ഇത്തരമൊരു നിരീക്ഷണം നിയമപരമായി നിലനിൽക്കില്ലെന്ന് മാത്രമല്ല, അങ്ങേയറ്റം പ്രതിഷേധാർഹം കൂടിയാണെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. നീതിന്യായ കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്ന നിഷ്പക്ഷതക്കും വകതിരിവിനും വിരുദ്ധമാണ് ഇത്തരം പരാമർശമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പ്രതികളെ കൊലപാതകവുമായി ബന്ധിപ്പിക്കാൻ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഏഴ് പ്രതികളെയും കുറ്റമുക്തരാക്കി.

Tags:    
News Summary - SC raps Patna HC for its observation about widow, 'make-up' articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.