ജി.എസ്.ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബാധ്യസ്ഥരല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ മുന്നോട്ടുവെക്കുന്ന ശിപാർശകൾ അതേപടി നടപ്പാക്കാൻ കേന്ദ്രമോ സംസ്ഥാന സർക്കാറുകളോ ബാധ്യസ്ഥമല്ലെന്ന് സുപ്രീംകോടതി.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്താൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും ഒരേപോലെ അധികാരമുണ്ടെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. നിയമം ഉണ്ടാക്കുന്നത് ജി.എസ്.ടി കൗൺസിലിന്റെ ശിപാർശക്ക് അനുസൃതമായിരിക്കണമെന്നു മാത്രം. സഹകരണാത്മക ഫെഡറൽ ഘടനയിൽ കൗൺസിൽ നിർദേശങ്ങൾക്ക് പ്രേരക സ്വഭാവമാണ് ഉള്ളത്.

വിവിധ വിഷയങ്ങളിൽ പ്രായോഗികമായ പോംവഴി കണ്ടെത്താൻ ജിഎസ്.ടി കൗൺസിൽ സൗഹാർദപരമായ രീതിയിൽ പ്രവർത്തിക്കണം.

നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും തുല്യ അധികാരമാണ് ഭരണഘടനയുടെ 246എ അനുഛേദം നൽകുന്നത്. കേന്ദ്രത്തെയും സംസ്ഥാനത്തെയും തുല്യമായാണ് 246എ കാണുന്നത്. ഒന്ന് മറ്റൊന്നിൽനിന്ന് സ്വതന്ത്രമെന്ന മട്ടിൽ കേന്ദ്രവും സംസ്ഥാനവും പ്രവർത്തിക്കരുതെന്നാണ് ഭരണഘടനയുടെ 279ാം അനുഛേദം വ്യക്തമാക്കുന്നത്.

കേന്ദ്രസർക്കാറും സംസ്ഥാനങ്ങളുമായുള്ള കൂട്ടായ ചർച്ചയുടെ ഉൽപന്നമാണ് ജി.എസ്.ടി കൗൺസിൽ ശിപാർശകൾ. ഒന്നിന് മറ്റൊന്നിനേക്കാൾ കൂടുതൽ വിഹിതം അവകാശപ്പെടാനാവില്ല. കേന്ദ്രവും സംസ്ഥാനങ്ങളുമായി ചർച്ചകൾ നടക്കണം. അതാണ് ഇന്ത്യൻ ഫെഡറലിസം നിഷ്കർഷിക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും യോജിപ്പിലെത്താത്ത സന്ദർഭങ്ങളിൽ എന്തു വേണമെന്ന് ജി.എസ്.ടി നിയമം പറയുന്നില്ല. അത്തരം സന്ദർഭങ്ങളിൽ ജി.എസ്.ടി കൗൺസിൽ യുക്തമായത് ഉപദേശിക്കണം. സംയോജിത ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഗുജറാത്ത് ഹൈകോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതി പരാമർശങ്ങൾ. കപ്പലിൽ ചരക്കു കടത്തുന്ന സേവനങ്ങൾക്ക് അഞ്ചു ശതമാനം ഐ.ജി.എസ്.ടി ചുമത്തിയ 2017ലെ കേന്ദ്ര വിജ്ഞാപനം ഹൈകോടതി തള്ളിയിരുന്നു.  

Tags:    
News Summary - SC rules GST Council's recommendations not binding on Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.