'രാമസേതു' ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണം; ഹരജി സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ‘രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുൻ എം.പിയും ബി.ജെ.പി നേതാവുമായ സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി വാദം കേൾക്കും. ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ള വിഷയങ്ങൾ പൂർത്തിയായ ശേഷം ഹരജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് വ്യാഴാഴ്ച പറഞ്ഞു.

രാമസേതുവിന് ദേശീയ പൈതൃക പദവി നല്‍കുന്നത് സംബന്ധിച്ച് വിഷയം സാംസ്കാരിക വകുപ്പിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ ജനുവരിയിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എട്ട് വർഷം മുമ്പ് സമർപ്പിച്ച ഹരജിയാണെന്നും നിലപാട്‌ വ്യക്തമാക്കി സത്യവാങ്ങ്‌മൂലം സമർപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്നും സുബ്രമണ്യൻ സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സർക്കാർ നടപടിയിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി നിലപാട്‌ വ്യക്തമാക്കി സത്യവാങ്ങ്‌മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.


ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസവുമായി രാമസേതു ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ രാമസേതു തകര്‍ക്കാന്‍ പാടില്ലെന്നും ദേശീയ പൈതൃകമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജിക്കാരന്‍റെ ആവശ്യം. യു.പി.എ സർക്കാറിന്‍റെ കാലത്ത് സേതുസമുദ്രം കപ്പൽചാൽ പദ്ധതി ആവിഷ്കരിച്ചപ്പോഴാണ് രാമസേതു ദേശീയ പൈതൃക സ്മാരകമാക്കണമെന്ന ആവശ്യം സുബ്രമണ്യൻ സ്വാമി ആദ്യം ഉയർത്തിയത്.


തമിഴ്‌നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തുള്ള പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പ്രദേശമാണ് ഹിന്ദു പുരാണങ്ങളിൽ 'രാമസേതു' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ലങ്കയിലേക്ക് സീതയെത്തേടി പോകാന്‍ പണ്ട് ശ്രീരാമന്‍ നിര്‍മിച്ച പാലമാണ് രാമസേതു എന്നാണ് ഹൈന്ദവ വിശ്വാസം. 

Tags:    
News Summary - SC to consider hearing PIL seeking declaration of Ram Sethu as national heritage monument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.