മുംബൈ: സാമ്പത്തിക തട്ടിപ്പ് ആദ്യം കണ്ടുപിടിച്ചത് ഉദ്യോഗസ്ഥർ തന്നെയാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിങ് ഡയറക്ടർ സുനിൽ മെഹ്ത. ജനുവരി മൂന്നിന് തന്നെ തട്ടിപ്പ് കണ്ടെത്തി. ഈ ഇടപാടിൽ 286 കോടി രൂപ ബാങ്കിന് നഷ്ടമായി. തട്ടിപ്പ് കണ്ടുപിടിച്ചതിന് പിന്നാലെ ബന്ധപ്പെട്ട ഏജൻസിക്ക് വിവരം കൈമാറുകയും ചെയ്തു. സംഭവിക്കാൻ പാടില്ലാത്തതും യാദൃശ്ചികവുമായ സംഭവമാണിതെന്നും മെഹ്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അനധികൃത സാമ്പത്തിക ഇടപാടിൽ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും പങ്കാളികളാണ്. കുറ്റക്കാരായ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. പണം തിരിച്ചു പിടിക്കുന്നതിനുള്ള കാര്യപ്രാപ്‌തി ബാങ്കിനുണ്ട്. തിരിമറിയുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകളും റെക്കോർഡുകളും പിടിച്ചെടുത്തിരുന്നു. ബാങ്കുകളുടെ സാമ്പത്തിക താൽപര്യം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പി.എൻ.ബി എം.ഡി വ്യക്തമാക്കി.
തട്ടിപ്പിൽ പങ്കാളികളായ ബംഗളൂരു സ്വദേശി പി.എസ് സുബ്രഹ്മണ്യൻ, മൈസൂരു സ്വദേശി ഹംസത്ത് നഹ, എം.സി പൊന്നപ്പ, ചെന്നൈ സ്വദേശി ആർ. ഭുവനേശ്വരൻ എന്നിവരുടെ ആറു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. സ്ഥിതിഗതികൾ കേന്ദ്രസർക്കാർ വിലയിരുത്തുന്നതായും മെഹ്ത ചൂണ്ടിക്കാട്ടി.
തങ്ങൾക്ക് നാട്ടിലെ ബാങ്കിൽ ആവശ്യത്തിന് പണം നിക്ഷേപമുണ്ടെന്ന് സ്ഥാപിച്ചാണ് രത്ന വ്യാപാരി നീരവ് മോദിവിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നത്. നീരവ് പഞ്ചാബ് നാഷനൽ ബാങ്കിനെ സമീപിച്ച് വിദേശ വ്യാപാരത്തിനുള്ള ‘ലെറ്റർ ഒാഫ് ക്രെഡിറ്റ്’ അഥവ, ബാങ്ക് ഗാരൻറി ആവശ്യപ്പെട്ടു. ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇൗ തുക ബാങ്കിന്‍റെ വരവ് പുസ്തകത്തിൽ ചേർക്കാതെ തന്നെ ബാങ്ക് ഗാരന്റി നൽകിയാണ് തട്ടിപ്പ് അരങ്ങേറിയത്. ഇതാണ് തട്ടിപ്പിന്റെ ഒന്നാം തലം.
പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലെറ്റർ ഒാഫ് ക്രെഡിറ്റ് കാണിച്ച് നീരവ് മോദി ചില ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. 2010ലാണ് ഇൗ തട്ടിപ്പ് നടന്നത്. അടുത്തയിടെ നീരവിന്റെ കമ്പനി വീണ്ടും ബാങ്ക് ഗാരൻറിക്കായി പി.എൻ.ബിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.