ന്യൂഡൽഹി: പട്ടികജാതി/വർഗ വിഭാഗക്കാരെ അതിക്രമങ്ങളിൽനിന്ന് പരിരക്ഷിക്കുന്ന നിയമത്തിെൻറ വ്യവസ്ഥകൾ ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ പാർലമെൻറിെൻറ നടപ്പുസമ്മേളനത്തിൽ നിയമനിർമാണം നടത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
ഇൗ മാസം ഒമ്പതിന് ഭാരത് ബന്ദ് പ്രഖ്യാപിച്ചതടക്കം, പിന്നാക്ക വിഭാഗങ്ങളുടെ കടുത്ത സമ്മർദത്തെ തുടർന്നാണിത്. കേന്ദ്ര നടപടി വൈകുന്നതിനെതിരെ ബി.ജെ.പി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാനും രംഗത്തുവന്നിരുന്നു. ഒമ്പതിലെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പട്ടികവിഭാഗ പീഡന നിരോധന നിയമം സുപ്രീംകോടതി വിധിക്കുമുമ്പത്തെ അവസ്ഥയിൽ പുനഃസ്ഥാപിക്കുകയാണ് പുതിയ ബിൽ കൊണ്ടുവരുന്നതിലൂടെ സർക്കാർ ചെയ്യുന്നത്. പട്ടികവിഭാഗ പീഡന സംഭവങ്ങളിൽ പ്രാഥമികാന്വേഷണം കൂടാതെതന്നെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥ ഇതുവഴി പുനഃസ്ഥാപിക്കും. പ്രതിക്ക് അറസ്റ്റിൽനിന്ന് സംരക്ഷണം കിട്ടില്ല.
പട്ടികവിഭാഗ സംരക്ഷണത്തിെൻറ മറവിൽ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന വിശദീകരണത്തോടെയാണ് കഴിഞ്ഞ മാർച്ച് 20ന് ജസ്റ്റിസുമാരായ എ.കെ ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് നിയമവ്യവസ്ഥകൾ ദുർബലപ്പെടുത്തിയത്. ദലിത് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനെതിരെ കേന്ദ്രം പുനഃപരിശോധന ഹരജി നൽകിയെങ്കിലും സുപ്രീംകോടതി തള്ളി.
സുപ്രീംകോടതി വിധി ദുർബലമാക്കി പട്ടികവിഭാഗങ്ങൾക്ക് മുൻകാല പരിരക്ഷ ഉറപ്പു നൽകുന്ന നിയമനിർമാണം നടത്തണമെന്ന് അന്നുമുതൽ ആവശ്യം ശക്തമാണ്. എന്നാൽ സവർണലോബിയുടെ സമ്മർദങ്ങൾ മൂലം ഒളിച്ചുകളിക്കുകയാണ് കേന്ദ്രം ചെയ്തത്. വിധി മറികടക്കാൻ ഒാർഡിനൻസ് കൊണ്ടുവരുമെന്ന വാഗ്ദാനവും നടപ്പായില്ല.
ഇതോടെയാണ് ദലിത് സംഘടനകൾ പ്രക്ഷോഭം കടുപ്പിച്ചത്. പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബി.ജെ.പി പുതിയ ദലിത് പ്രക്ഷോഭത്തിെൻറ ആപത്ത് മണത്തു. സ്വന്തം വോട്ടുബാങ്കിനെക്കുറിച്ച ആശങ്ക ശക്തമായതോടെ ബി.ജെ.പിക്കെതിരെ പാസ്വാനും രംഗത്തിറങ്ങി. ടി.ഡി.പി സഖ്യം വിട്ടതിനുപിന്നാലെ ശിവസേനക്കൊപ്പം എൽ.െജ.പിയും ഇടയുന്നത് സർക്കാറിന് താങ്ങാൻ കഴിയുന്നതല്ല. ദലിത് വിഷയത്തിൽ പുതിയൊരു കുരുക്ക് ഒഴിവാക്കാൻ സർക്കാർ നിർബന്ധിതമായ പശ്ചാത്തലം ഇതാണ്.
മാർച്ച് 20ലെ വിവാദ സുപ്രീംകോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.