ന്യൂഡൽഹി: കോവിഡ് മഹാമാരി ഗ്രാമീണ മേഖലയിൽ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസ സ്വപ്നങ്ങൾ തകർത്തു കളഞ്ഞതായി സാമ്പത്തിക സർവേ. സ്കൂളിൽ പോകുന്ന ആറു മുതൽ 14 വരെ പ്രായമുള്ള കുട്ടികളുടെ എണ്ണം കുറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലെ വിടവ് വർധിച്ചു. സ്കൂളുകളിൽനിന്ന് ദുർബല വിഭാഗങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗൗരവത്തോടെ കാണണമെന്ന് സർവേ നിർദേശിച്ചു.
സ്വകാര്യ സ്കൂളിനേക്കാൾ സർക്കാർ സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന പ്രവണതയും വർധിച്ചതായി കണ്ടു. രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനതയും ഫീസ് കുറഞ്ഞ സ്വകാര്യ സ്കൂളുകൾ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടുന്നതുമാണ് കാരണം. ഗ്രാമങ്ങളിലേക്ക് കുടുംബങ്ങളുടെ തിരിച്ചുവരവ് കൂടിയതും കാരണമാണ്. പുതിയ സാഹചര്യം കണക്കിലെടുത്ത് സർക്കാർ സ്കൂളുകളിലെ സൗകര്യം വർധിപ്പിക്കണം. പാവപ്പെട്ട കുട്ടികൾക്ക് സ്മാർട്ട് ഫോണും കണക്ടിവിറ്റിയുമില്ലാത്ത പ്രശ്നവും പരിഹരിക്കപ്പെടണം.
വിദ്യാഭ്യാസ മന്ത്രാലയത്തിൽ 2019-20 വരെയുള്ള കണക്കു മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നിരിക്കേ, 2020, 2021 വർഷങ്ങളിൽ മഹാമാരി വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതം കൃത്യമായി വിലയിരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർവേ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.