കൊൽക്കത്ത: കുട്ടിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്കൂൾ പ്രിൻസിപ്പലും അധ്യാപികയും ഇവരുടെ സഹായികളും അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ബാൻകുരയിൽനിന്നാണ് പ്രിൻസിപ്പലും അധ്യാപികയുമടക്കം പത്തുപേർ അറസ്റ്റിലായത്. ഇവരിൽനിന്ന് പ്രായപൂർത്തിയാവാത്ത അഞ്ചു കുട്ടികളെ രക്ഷിച്ചതായും പൊലീസ് അറിയിച്ചു.
എട്ടു മാസം മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളെയാണ് രക്ഷിച്ചത്. പ്രിൻസിപ്പൽ കമൽ കുമാർ രജോരിയ ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ രജോരിയ സ്വദേശിയായ ഇയാൾ ഈയിടെ ബാൻകുരയിലേക്ക് സ്ഥലം മാറിയെത്തുകയായിരുന്നു. അധ്യാപികയായ സുഷമ ശർമയാണ് ഇയാൾക്കൊപ്പം പിടിയിലായത്. ഇവരിൽനിന്ന് 1.75 ലക്ഷം രൂപ കണ്ടെടുത്തതായി ബാൻകുര പൊലീസ് സൂപ്രണ്ട് ധൃതിമാൻ സർക്കാർ അറിയിച്ചു.
പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടലാണ് കുട്ടിക്കടത്ത് റാക്കറ്റിനെ അറസ്റ്റ് ചെയ്യാൻ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. രജോരിയയുടെയും സുഷമ ശർമയുടെയും നേതൃത്വത്തിൽ മൂന്നു കുട്ടികളെ ഒരു വാഹനത്തിലേക്ക് ബലമായി തള്ളിക്കയറ്റുന്നത് നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. കുട്ടികൾ സമ്മതമില്ലാതെ കരയുന്നതു കണ്ടാണ് നാട്ടുകാർ ഇടപെട്ടത്. അവർ പ്രിൻസിപ്പലിനെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായിരുന്നു മറുപടി. പിടിക്കപ്പെടുമെന്നായപ്പോൾ ഓടി രക്ഷപ്പെടാനായി ശ്രമം. നാട്ടുകാർ പിന്നാലെ ഓടി ഇയാളെ പിടികൂടുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിേപ്പാർട്ട് ചെയ്തു. പിന്നീട് ഇയാെള പൊലീസിന് കൈമാറി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇതൊരു അന്തർ ജില്ലാ സംഘമോ അന്തർ സംസ്ഥാന സംഘമോ ആകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘത്തിന്‍റെ പിടിയിൽനിന്ന് രക്ഷിച്ച അഞ്ചു കുട്ടികൾ അസൻസോൾ, ദുർഗാപുർ എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരിൽ മൂന്നുപേർ ലൈംഗിക തൊഴിലാളികളുടെ മക്കളാണെന്ന് അന്വേഷണ സംഘത്തിലെ ഒരു പൊലീസുകാരൻ പറഞ്ഞു. ഒരു കുട്ടിയെ കുറ്റാരോപിതനായ പ്രിൻസിപ്പൽ രണ്ടര ലക്ഷം രൂപ കൊടുത്ത് വാങ്ങിയതാണെന്നും പൊലീസുകാരനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.