സ്കൂളിൽ ക്രിസ്തീയ പ്രാർഥന ചൊല്ലിയെന്ന്; പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലി ബജ്രംഗ്ദൾ പ്രവർത്തകർ, സംഭവം മഹാരാഷ്ട്രയിൽ

പുനെ: മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിന് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയരുകയാണ്.

തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീൽ സ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടറിനാണ് മർദനമേറ്റത്. ബജ്രംഗ്ദൾ പ്രവർത്തകർ സ്കൂളിനുള്ളിൽ കടന്ന് മർദിക്കുകയായിരുന്നു.


ഏതാനും രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് ബജ്രംഗ്ദൾ പ്രവർത്തകർ പ്രിൻസിപ്പലിനെ മർദിച്ചത്. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ അലക്സാണ്ടറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ഹൈന്ദവ ആഘോഷങ്ങൾക്ക് അവധി നൽകുന്നില്ലെന്നും പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്നും രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു.

ക്രിസ്ത്യൻ വിശ്വാസം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് പ്രിൻസിപ്പൽ നടത്തുന്നതെന്ന് അക്രമികൾ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ സ്കൂൾ മാനേജ്മെന്‍റ് നിഷേധിച്ചു. 


പ്രിൻസിപ്പലിനെ പിരിച്ചുവിടാൻ ബജ്രംഗ്ദൾ പ്രവർത്തകർ സ്കൂൾ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചതായാണ് വിവരം.

Tags:    
News Summary - School Principle Attacked By Hindu Activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.