ഉദൽഗുരി (അസം): സ്വയംപ്രഖ്യാപിത ആൾദൈവത്തിന്‍റെ നിർദേശത്തെ തുടർന്ന് മൂന്ന് വയസുകാരിയെ ബലി നൽകാനുള്ള കുടുംബാംഗ ങ്ങളുടെ ശ്രമം നാട്ടുകാരും പൊലീസും ഇടപെട്ട് തടഞ്ഞു. അസമിലെ ഉദൽഗുരി ജില്ലയിലെ ഗനക്പരയിലാണ് സംഭവം. സ്കൂൾ അധ്യാപക നും കുടുംബവുമാണ് കുടുംബാഗം തന്നെയായ മൂന്ന് വയസുകാരിയെ ബലി നൽകാനൊരുങ്ങിയത്.
ശാസ്ത്രാധ്യാപകനായ ജാദബ് സഹാര ിയയുടെ വീട്ടിനുള്ളിൽ നിന്ന് അസാധാരണ ശബ്ദങ്ങളും പുകയും കണ്ട നാട്ടുകാർ പൊലീസിനെയും മാധ്യപ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കുട്ടിയെ ബലിപീഠത്തിൽ ഇരുത്തിയ നിലയിലാണ് കണ്ടത്. സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ നഗ്നരായി മന്ത്രം ജപിക്കുകയുമായിരുന്നു. കുട്ടിയെ ബലി നൽകാൻ വാളുമായി ആൾദൈവവും വീട്ടിനുള്ളിലുണ്ടായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്ന് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചത് കുടുംബാംഗങ്ങൾ തടയുകയും ആക്രമിക്കുകയും ചെയ്തു. കല്ലുകളും പാത്രങ്ങളും പൊലീസിന് നേർക്കെറിയുകയും വീട്ടിലെ കാർ, ബൈക്ക്, ടി.വി, ഫ്രിഡ്ജ് മുതലായ കത്തിക്കുകയും ചെയ്തു.
ഒടുവിൽ ആകാശത്തേക്ക് അഞ്ച് റൗണ്ട് വെടിവെച്ചാണ് പൊലീസ് കുട്ടിയെ രക്ഷിച്ചത്. അക്രമങ്ങൾക്കിടെ അധ്യാപകനും മകനും സ്ഥലത്തെത്തിയ ഏതാനും മാധ്യമപ്രവർത്തകർക്കും പൊള്ളലേറ്റു.
അധ്യാപകന്‍റെ സഹോദരിയുടെ കുട്ടിയെയാണ് ആൾദൈവത്തിന്‍റെ നിർദേശ പ്രകാരം ബലി നൽകാനൊരുങ്ങിയത്. കുട്ടിയുടെ രക്ഷിതാക്കളും സ്ഥലത്തുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പ് കുടുംബാംഗമായ ഒരു പെൺകുട്ടി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. അതിന് ശേഷം ആൾദൈവം ഇവിടെ പൂജാകർമങ്ങളും മറ്റും നടത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ആൾദൈവത്തെയും ഏതാനും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്ത പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.