ഹൈദരാബാദ്: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക്-5 രണ്ടാം ബാച്ച് ഇന്ത്യയിലെത്തിച്ചു. മോസ്കോയിൽ നിന്നും പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലാണ് വാക്സിൻ എത്തിച്ചത്. സ്പുട്നിക്-5 ആദ്യ ബാച്ചായ 1,50,000 ഡോസ് വാക്സിൻ മേയ് ഒന്നിന് ഇന്ത്യയിലെത്തിയിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ കേസുകളിൽ വൻ വർധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര സർക്കാർ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകിയത്. ഡോക്ടർ റെഡ്ഡീസ് ഗ്രൂപ്പാണ് രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നത്.
റഷ്യയിലെ ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക്-5 ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണ്. 2020 ആഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്സിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
91.6 ശതമാനം കാര്യക്ഷമത സ്പുട്‌നിക്-5ന് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. 60 രാജ്യങ്ങൾ ഇതുവരെ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.
സ്പുട്നിക്-5 വാക്സിന്‍റെ വിതരണത്തിന് അഞ്ച് മുൻനിര ഇന്ത്യൻ നിർമാതാക്കളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) രാജ്യാന്തര ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വർഷം 850 ദശലക്ഷം ഡോസ് വാക്സിൻ വിതരണമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.